ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാര്‍ത്ഥികള്‍ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നു

രേണുക വേണു

വ്യാഴം, 21 ഓഗസ്റ്റ് 2025 (20:13 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്റെ പതിനേഴാം എഡിഷന്‍ കേരളത്തില്‍ ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കുന്നു. കേരളത്തില്‍ നിന്നായി 700-ലധികം മത്സരാര്‍ത്ഥികളും 140-ലധികം ടീമുകളും പങ്കെടുക്കുന്ന പരിപാടിയില്‍ കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളില്‍ മത്സരങ്ങള്‍ നടക്കും. സംഘാടകര്‍ വാര്‍ത്താസമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്. 
 
മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമോത്സവം നടക്കുന്നത്: ക്ലസ്റ്റര്‍ തലം, ഡിവിഷണല്‍ തലം, ഗ്രാന്‍ഡ് ഫിനാലെ. കേരളത്തില്‍, ക്ലസ്റ്റര്‍ ലെവല്‍ മത്സരങ്ങള്‍ ഓഗസ്റ്റ് 23-24 തീയതികളില്‍ തൃശൂരിലെ വരന്തരപ്പിള്ളിയിലും എറണാകുളത്തെ അമ്പലമുഗളിലും നടക്കും. കാസര്‍കോടിലെ ചെറുവത്തൂരില്‍ ഓഗസ്റ്റ് 28-29 -ന് മത്സരങ്ങള്‍ നടക്കുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ പോത്തന്‍കോടും കണ്ണൂരിലെ വെള്ളച്ചാല്‍-മക്രേരിയും ഓഗസ്റ്റ് 30-31 -ന് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. പാലക്കാടിലെ അയിലൂരില്‍ വച്ച് സെപ്റ്റംബര്‍ 1-2 തീയതികളിലും മത്സരങ്ങള്‍ നടക്കുന്നു.
 
ദേശീയതലത്തില്‍, ഈശ ഗ്രാമോത്സവം ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി, ഒഡിഷ എന്നിവിടങ്ങളിലെ 35,000-ലധികം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. 5,000-ലധികം സ്ത്രീകള്‍ ഉള്‍പ്പെടെ 50,000-ലധികം ഗ്രാമീണര്‍, 6,000-ലധികം ടീമുകളിലായി ഈ വര്‍ഷം മത്സരിക്കുന്നു. സെപ്റ്റംബര്‍ 21-ന് കോയമ്പത്തൂരിലെ ഈശ യോഗ കേന്ദ്രത്തിലെ ആദിയോഗിയുടെ മുന്നില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നു. 67 ലക്ഷം  രൂപയാണ് ആകെ സമ്മാനത്തുക. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗങ്ങളിലെ വിജയികള്‍ക്ക് 5 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.
 
കായികമത്സരങ്ങള്‍ക്ക് പുറമേ, ഗ്രാമോത്സവം ഗ്രാമീണ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ ആഘോഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത സാംസ്‌കാരിക പ്രകടനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. തമിഴ്‌നാടിന്റെ തവില്‍-നാദസ്വരം, വല്ലി കുമ്മി, ഓയിലാട്ടം, കേരളത്തിന്റെ പഞ്ചാരി മേളം, ചെണ്ട മേളം, തെലങ്കാനയിലെ ഗുസാടി നൃത്തം, കര്‍ണാടകയിലെ പുലി വേഷം എന്നിവയുടെ അവതരണങ്ങളും നടക്കുന്നു. കോലം വരയ്ക്കല്‍, സിലമ്പം തുടങ്ങിയ പൊതുജനങ്ങള്‍ക്കായുള്ള മത്സരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവാന്തരീക്ഷം സൃഷ്ടിക്കും. 
 
ഗ്രാമീണ ജനങ്ങളെ ലഹരിവസ്തുക്കളില്‍ നിന്ന് മുക്തരാക്കാനും, ജാതി, മതം എന്നിവയുടെ വേര്‍തിരിവുകള്‍ മറികടക്കാനും, സമൂഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയുടെ ഗ്രാമീണ ചൈതന്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി 2004-ല്‍ സദ്ഗുരു ഈശ ഗ്രാമോത്സവം ആരംഭിച്ചു. പ്രൊഫഷണല്‍ കായിക മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, വീട്ടമ്മമാര്‍ തുടങ്ങിയ സാധാരണ ഗ്രാമീണ പൗരന്മാര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. അവര്‍ക്ക് കളിക്കാനും കായികവിനോദങ്ങളില്‍ പങ്കെടുക്കാനും ഗ്രാമീണ ഇന്ത്യയുടെ ചൈതന്യത്തെ ആഘോഷിക്കാനുമുള്ള വേദി ഗ്രാമോത്സവം ഒരുക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍