വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാല്‍ കരിപ്പൂരാണ് അറസ്റ്റിലായത്. തേഞ്ഞിപ്പാലം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ കാക്കഞ്ചേരിയില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
തിങ്കളാഴ്ചയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ജമാല്‍ പഞ്ചായത്ത് അംഗം കൂടിയാണ്. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ചാറ്റുകള്‍ പുറത്തായി. രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള തന്റെ സഹപ്രവര്‍ത്തകയ്ക്ക് അയച്ച മെസേജുകളാണ് പുറത്തായത്. യുവതിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ ചാറ്റുകളും തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. 2020ല്‍ പാര്‍ട്ടിയിലുള്ള സഹപ്രവര്‍ത്തകയാണ് രാഹുലിന്റെ മെസ്സേജ് പുറത്തുവിട്ടത്.
അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിനോട് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ച് രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെക്കും എന്നാണ് വിവരം. അതേസമയം മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാങ്കൂട്ടത്തിനെതിരെയുള്ള യുവതിയുടെ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നത് ശരിയല്ല, സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു.