Dominic and The Ladies Purse: ലാഭമില്ലാത്ത ആദ്യ മമ്മൂട്ടി കമ്പനി ചിത്രം; വന്‍ നഷ്ടമില്ലെന്നത് ആശ്വാസം

രേണുക വേണു

വെള്ളി, 7 ഫെബ്രുവരി 2025 (08:53 IST)
Dominic and The Ladies Purse: മമ്മൂട്ടി കമ്പനിയുടെ ആദ്യ പരാജയ ചിത്രമായി ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്. സാമ്പത്തികമായി അത്ര വലിയ പരാജയമല്ലെങ്കിലും മമ്മൂട്ടി കമ്പനിയുടെ മുന്‍ സിനിമകളെ പോലെ സാമ്പത്തിക ലാഭം നേടാന്‍ ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിനു സാധിച്ചിട്ടില്ല. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 18 കോടിയില്‍ ഒതുങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
റിലീസ് ചെയ്തു 12-ാം ദിവസം ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിന്റെ കേരള കളക്ഷന്‍ വെറും എട്ട് ലക്ഷത്തില്‍ താഴെയാണ്. ഇന്ത്യ ഗ്രോസ് കളക്ഷന്‍ 9.4 കോടിയും ഓവര്‍സീസ് കളക്ഷന്‍ 8.1 കോടിയുമാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ എടുക്കുമ്പോള്‍ 18 കോടിയില്‍ തൊട്ടുതാഴെയാണ്. ഏകദേശം 19 കോടിയാണ് ഈ ചിത്രത്തിന്റെ നിര്‍മാണ ചെലവ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സാമ്പത്തികമായി വലിയ നഷ്ടമില്ലെങ്കിലും മമ്മൂട്ടി കമ്പനിയുടെ ആദ്യ പരാജയ ചിത്രമെന്ന ലേബല്‍ ഡൊമിനിക്കിനു കിട്ടുമെന്ന് ഉറപ്പായി. 
 
മമ്മൂട്ടി കമ്പനിയുടേതായി ഇതുവരെ ഇറങ്ങിയ സിനിമകളെല്ലാം സാമ്പത്തികമായി ലാഭമായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ മുന്‍ ചിത്രങ്ങള്‍. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മമ്മൂട്ടി കമ്പനിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 
 
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സില്‍ മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, മീനാക്ഷി ഉണ്ണികൃഷ്ണന്‍ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍