മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായി അഭിനയിച്ച വടക്കൻ വീരഗാഥ. വർഷങ്ങൾക്കു ശേഷം സിനിമ ഇപ്പോൾ റീ റിലീസിനൊരുങ്ങുകയാണ്. 1989 ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥ നാളെ റീ റിലീസ് ചെയ്യും. ഈ വേളയിൽ ഒരു വടക്കൻ വീരഗാഥയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് മമ്മൂട്ടി. പിഷാരടിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം പഴയ കാര്യങ്ങൾ ഓർത്തെടുക്കുന്നത്.
ഉണ്ണിയാർച്ചയുടെ കഥ സിനിമയാക്കുന്നു എന്നും പറഞ്ഞാണ് തന്നെ വിളിച്ചത്. വടക്കൻ പാട്ടുകളിലെ ചന്തുവിന്റെ വേഷമാണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞപ്പോൾ വില്ലനായി അഭിനയിക്കണോ എന്ന് താൻ ചോദിച്ചു. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരനാണ് സിനിമ സംവിധാനം ചെയ്യുന്നത് എന്ന് കേട്ടപ്പോൾ താൻ സമ്മതം മൂളിയെന്ന് മമ്മൂട്ടി പറഞ്ഞു.
ഉണ്ണിയാർച്ചയുടെ കഥ സിനിമയാകുന്നു എന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ചന്തുവായി നിങ്ങൾ അഭിനയിക്കണമെന്ന് പറഞ്ഞു. ഞാൻ അപ്പോൾ ചോദിച്ചത് ചന്തുവായി, വില്ലനായി ഞാൻ അഭിനയിക്കണോ എന്നായിരുന്നു. നിങ്ങൾ കഥയൊന്ന് കേട്ടു നോക്കൂവെന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. എം ടി ആണ് തിരക്കഥ എഴുതുന്നതെന്നും ഹരിഹരൻ സാറാണ് ഡയറക്ഷനെന്നും പറഞ്ഞു. അങ്ങനെയുള്ളപ്പോൾ പിന്നെ ഒന്നും നോക്കേണ്ടല്ലോ. ഞാൻ ആയിക്കോട്ടേയെന്ന് പറഞ്ഞു. അങ്ങനെയാണ് ഒരു വടക്കൻ വീരഗാഥ സംഭവിക്കുന്നത്, മമ്മൂട്ടി പറഞ്ഞു.