സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ ഘടനാപരമായി സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുടെ സമഗ്രമായ പട്ടിക അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.മുതിര്‍ന്ന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദ്ദേശം വന്നത്.
പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള കെട്ടിടങ്ങളുടെയും പ്രത്യേക പട്ടിക മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 'അവധി ദിവസങ്ങളില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കണം. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതുവരെ ക്ലാസുകള്‍ തുടരുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പിടിഎകള്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.അണ്‍ എയ്ഡഡ് സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനകള്‍ നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.
അപകടകരമെന്ന് കണ്ടെത്തിയ പൊതു കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന് ഒരു സോഫ്റ്റ്വെയര്‍ സംവിധാനം വികസിപ്പിക്കും. പൊതു കെട്ടിടങ്ങളിലെ വൈദ്യുത സുരക്ഷ നിരീക്ഷിക്കുന്നതിന് ഒരു പരിശോധനാ സംവിധാനത്തിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സംയുക്തമായി വൈദ്യുത പരിശോധനകള്‍ കൈകാര്യം ചെയ്യും.