Dominic and The Ladies Purse Day 2 Box Office Collection: കരകയറുമോ ഡൊമിനിക്? കണക്കുകള്‍ നല്‍കുന്നത് ശുഭസൂചന; മെച്ചപ്പെട്ട കളക്ഷന്‍

രേണുക വേണു

ശനി, 25 ജനുവരി 2025 (08:15 IST)
Dominic and The Ladies Purse

Dominic and The Ladies Purse Day 2 Box Office Collection: റിലീസ് ദിനത്തിലെ സമ്മിശ്ര പ്രതികരണങ്ങളെ അതിജീവിച്ച് 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്'. രണ്ടാം ദിനം പിന്നിടുമ്പോള്‍ സിനിമയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ മൂന്ന് കോടിയിലേക്ക് എത്തി. രണ്ടാം ദിനമായ വെള്ളിയാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 1.25 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ആദ്യ ദിനം 1.75 കോടി കളക്ട് ചെയ്യാന്‍ ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിനു സാധിച്ചിരുന്നു. 
 
ട്രാക്കര്‍മാരില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഏഴ് കോടിയിലേക്ക് അടുക്കുകയാണ്. ആദ്യദിനം 200 സ്‌ക്രീനുകളില്‍ ആയിരുന്നു കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ അത് 225 സ്‌ക്രീനുകളായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ മാത്രം ഡൊമിനിക്കിന്റേതായി 44,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. 
 
ആദ്യ ഷോയ്ക്കു ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. എന്നാല്‍ 'മമ്മൂട്ടി കമ്പനി' ഫാക്ടര്‍ ബോക്സ്ഓഫീസില്‍ ക്ലിക്കായി. മിനിമം ഗ്യാരണ്ടി ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയില്‍ നിന്ന് ലഭിക്കുകയെന്ന പ്രേക്ഷകരുടെ പ്രതീക്ഷയാണ് റിലീസ് ദിനത്തില്‍ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സി'നു രക്ഷയായത്. മമ്മൂട്ടി കമ്പനിയുടെ സിനിമയെന്ന നിലയില്‍ ഈ വീക്കെന്‍ഡില്‍ മികച്ച കളക്ഷന്‍ നേടാനായാല്‍ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചേക്കും. ഇതുവരെ റിലീസ് ചെയ്ത മമ്മൂട്ടി കമ്പനി സിനിമകളൊന്നും ബോക്സ്ഓഫീസില്‍ പരാജയമായിട്ടില്ല. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ സിനിമയാണ് 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്'. 
 
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്' ഒരു കോമഡി - ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. സി.ഐ.ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിനീത്, വിജയ് ബാബു, വിജി വെങ്കടേഷ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2025 ല്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് ഡൊമിനിക്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍