നാല് സിനിമകളാണ് വിഷു റിലീസായി ഇന്ന് തിയേറ്ററുകളിലെത്തിയത്. വിഷു- ഈസ്റ്റര്‍ സീസണിന് തിയറ്ററുകളില്‍ ഇന്ന് തുടക്കമായിരിക്കുകയാണ്. മൂന്ന് മലയാള സിനിമയും ഒരു തമിഴ് സിനിമയും ബോക്സ് ഓഫീസിൽ ഇന്ന് മത്സരം കുറിച്ചു. നവാഗതനായ ഡീനോ ഡെന്നിസിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ബസൂക്ക, ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനാവുന്ന ആലപ്പുഴ ജിംഖാന, നവാഗതനായ ശിവപ്രസാദിന്‍റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ് നായകനാവുന്ന മരണമാസ്സ് എന്നിവയാണ് അവ. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയും ഇന്ന് തന്നെയാണ് റിലീസ്.
കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗിലൂടെ ബസൂക്ക നേടിയിരിക്കുന്നത് 1.50 കോടിയാണെന്ന് ട്രാക്കര്‍മാര്‍ പറയുന്നു. ആലപ്പുഴ ജിംഖാന 1.45 കോടിയും മരണമാസ്സ് 29 ലക്ഷവുമാണ് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്നും. അതേസമയം ഇന്ന് തന്നെ തിയറ്ററുകളില്‍ എത്തുന്ന അജിത്ത് കുമാറിന്‍റെ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി 34.75 ലക്ഷമാണ് നേടിയിരിക്കുന്നത്. കണക്കുകൾ പുറത്തുവരുമ്പോൾ മമ്മൂട്ടി തന്നെയാണ് ഒന്നാമത്. നസ്ലിൻ മമ്മൂട്ടിയുടെ തൊട്ടുപിന്നാലെയുണ്ട്.
നസ്‍ലെനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച കേരള അഡ്വാന്‍സ് സെയില്‍സ് ആണ് ആലപ്പുഴ ജിംഖാനയിലൂടെ നേടിയിരിക്കുന്നത്. പ്രേമലു നേടിയ 96 ലക്ഷമാണ് ഇതിന് മുന്‍പുള്ള ബെസ്റ്റ് എന്ന് ട്രാക്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 2 കോടിയിലേറെ അഡ്വാന്‍സ് ബുക്കിംഗും ചിത്രം നേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.