വീണ്ടും തിരിച്ചടി: പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍

ശനി, 3 മെയ് 2025 (12:58 IST)
പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വഴി മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചു. ആക്രമണത്തെ തുടര്‍ന്നുള്ള നായതന്ത്ര തിരിച്ചടികളുടെ ഭാഗമായാണ് തീരുമാനം. നേരത്തെ പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 200ശതമാനം ഇറക്കുമതി തീരുക ഇന്ത്യ ചുമത്തിയിരുന്നു.
 
പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രധാനമായും സിമന്റ്, പെട്രോളിയം ഉല്‍പന്നങ്ങള്‍, ധാതുക്കള്‍, പഴങ്ങള്‍ എന്നിവയാണ് ഇറക്കുമതി ചെയ്യുന്നത്.2024 നും 2025 നും ഇടയില്‍ പാക്കിസ്ഥാനില്‍ നിന്ന് 4.2 ലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. അതേസമയം ഇതേ കാലയളവില്‍ നേരത്തെ 28.6 ലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. അതേസമയം പഹല്‍ഗാമില്‍ നടന്നത് പാക്കിസ്ഥാന്റെ ഐഎസ്ഐ ലഷ്‌കര്‍ ത്വയ്യിബ സംയുക്ത ഭീകരാക്രമണമാണെന്ന് എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. 
 
ഐഎസ്ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള ഗൂഢാലോചന നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പദ്ധതി നടപ്പാക്കിയത് പാക്കിസ്ഥാനിലെ ലഷ്‌കറേ ത്വയ്യിബയുടെ ആസ്ഥാനത്തുവച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരും പാക്കിസ്ഥാനികളാണ്. ഇവര്‍ ലഷ്‌കര്‍ പ്രവര്‍ത്തകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും പദ്ധതി നടപ്പാക്കാനുള്ള സമയം, ആയുധങ്ങള്‍ എന്നിവയെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 
 
ഭീകരതയ്ക്കെതിരെ ഇന്ത്യക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഇരുരാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍