ബെംഗളൂരുവിൽ ആദ്യ കൊറോണബാധ റിപ്പോർട്ട് ചെയ്‌തു, രാജ്യത്തെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 46 ആയി

അഭിറാം മനോഹർ
ചൊവ്വ, 10 മാര്‍ച്ച് 2020 (08:30 IST)
അമേരിക്കയിലെ ടെക്‌സസിൽ നിന്നും ബെംഗളൂരുവിലെത്തിയ ആൾക്കും ഇറ്റലിയിൽ നിന്നും പഞ്ചാബിലെത്തിയ മധ്യവയസ്‌കനും കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു. ബെംഗളൂരുവിൽ കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും, അവർ പഠിക്കുന്ന സ്കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ബെംഗളൂരുവിന് പുറമെ മഹാരാഷ്ട്രയിലെ പുനെയിലും രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 
കൊവിഡ് 19 ബാധ പടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്രയാത്രകൾക്ക് ശേഷം തിരികെയെത്തുന്നവരെല്ലാം വിമാനത്താവളങ്ങളിൽ വിവരമറിയിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രോഗലക്ഷണങ്ങളുണ്ടങ്കിലും, ഇല്ലെങ്കിലും തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ജില്ലാ ഭരണകൂടത്തിന്‍റെ കേന്ദ്രങ്ങളിലോ വിവരങ്ങൾ നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടുണ്ട്.
 
യുഎസ്സിലെ ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് തിരികെയെത്തിയ ടെക്കിക്കാണ് ബെംഗളൂരുവിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നതിന്‍റെ ഭാഗമായി 1500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ക്വാറന്‍റൈൻ സംവിധാനം തയ്യാറാക്കാൻ സൈന്യത്തിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article