പശുവിൻ നെയ്യ്, കർപ്പൂരം,വേപ്പില ഇവ ചേർത്ത് ഹോളി ആഘോഷിക്കു, വൈറസുകളെ പേടിക്കേണ്ടതില്ല: ഗുജറാത്ത് മുഖ്യമന്ത്രി

അഭിറാം മനോഹർ

തിങ്കള്‍, 9 മാര്‍ച്ച് 2020 (10:54 IST)
കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് ഹോളി ആഘോഷങ്ങൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ കൂടുതലായി കൂട്ടം ചേരുവാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് കേന്ദ്രനിർദേശം. എന്നാൽ ഹോളി ആഘോഷങ്ങൾ തടസ്സങ്ങളില്ലാതെ നടക്കുവാൻ പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ വിജയ് രൂപാണി.
 
അന്തരീക്ഷത്തിലെ വൈറസുകളെ തടയാൻ ഹോളിയുടെ ഭാഗമായുണ്ടാക്കുന്ന തീക്കുണ്ഡത്തിലേക്ക് പശുവിൻ നെയ്യ്, ഉണങ്ങിയ വേപ്പില, കര്‍പ്പൂരം, മരക്കറ എന്നിവ ഇട്ട് അന്തരീക്ഷം ശുദ്ധികരിക്കണമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ നിർദേശം.ഇതുവഴി കൊറോണ പോലെ പടരുന്ന എല്ലാ രോഗങ്ങൾക്കും ശമനമുണ്ടാകുമെന്നുംനിതിലൂടെ അന്തരീക്ഷം അണുവിമുക്തമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
 
അതേസമയം കൊവിഡ് 19ൽ പരിശോധനകളും നടപടികളും ഇന്ത്യ കർശനമാക്കി. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേരുള്‍പ്പടെ അഞ്ച് പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും രാജ്യാതിർത്തികളിലും പരിശോധനകൾ കർശനമാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് 52 പരിശോധന ലാബുകൾ സജ്ജമാക്കി.ദില്ലി ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ മേഖലയിലെ സംസ്ഥാനങ്ങളും മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍