സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയില്ലെന്ന് പറഞ്ഞിട്ടുണ്ടോ? താന്‍ ജയിലില്‍ കിടന്ന സമയത്ത് ഈ വിവാദ വനിതയെ തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കഴിഞ്ഞ ദിവസം സ്വപ്‌ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് തന്നെ അറിയില്ലെന്ന് പറയുന്നത് കള്ളമാണെന്നുമാണ് സ്വപ്‌ന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, വാസ്തവത്തില്‍ സ്വര്‍ണക്കടത്ത് കേസ് വലിയ ചര്‍ച്ചാവിഷയമായി നില്‍ക്കുമ്പോള്‍ തന്നെ സ്വപ്‌ന സുരേഷിനെ തനിക്ക് അറിയാമെന്നും ആ പരിചയം എങ്ങനെയുള്ളതായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കത്തില്‍ 2020 ഒക്ടോബര്‍ 13 ലെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതേ കുറിച്ച് പറഞ്ഞിട്ടുള്ളത്.
അന്ന് സ്വപ്‌ന സുരേഷിനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ: ' കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ് അവര്‍ (സ്വപ്‌ന) എന്റെ അടുത്ത് വന്നിരുന്നത്. ആ നിലയ്ക്കാണ് അവരെ പരിചയമെന്ന് ഞാന്‍ നേരത്ത നിങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് വസ്തുതയും. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ അവര്‍ക്കൊപ്പം സ്വപ്‌ന ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. ഒരു ചീഫ് മിനിസ്റ്ററും കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കാണുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ല. സാധാരണ നിലയില്‍ പല രീതിയില്‍ കാണുമല്ലോ. അവരുടെ ഒരു പരിപാടി നടക്കുന്നു. ആ പരിപാടിക്ക് ക്ഷണിക്കാന്‍, പോയാലും പോയില്ലെങ്കിലും മുഖ്യമന്ത്രി എന്ന നിലയ്ക്ക് ക്ഷണിക്കുന്നത് ഒരു മര്യാദയല്ലേ. അങ്ങനെ എപ്പോഴൊക്കെ അദ്ദേഹം വന്നിട്ടുണ്ടോ അപ്പോഴെല്ലാം അദ്ദേഹത്തിനൊപ്പം സ്വപ്‌നയും ഉണ്ടായിരുന്നു. നിരവധി തവണ വന്നിട്ടുണ്ടാകും. മൂന്ന്-നാല് കൊല്ലമായില്ലേ? അതിനിടയില്‍ പല തവണ കോണ്‍സുലേറ്റ് ജനറല്‍ വന്നിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ക്കൊപ്പം സ്വപ്‌നയും വന്നിട്ടുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍സുലേറ്റ് ജനറലിനൊപ്പം പലതവണ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌ന വന്നിട്ടുണ്ടെന്ന് പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കത്തില്‍ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ തന്നെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് സ്വപ്‌ന ഇപ്പോള്‍ പറയുന്നത്. സ്വപ്‌നയുടെ ഇപ്പോഴത്തെ പ്രസ്താവന നുണയാണെന്ന് മുഖ്യമന്ത്രിയുടെ പഴയ വാര്‍ത്താസമ്മേളനം കുത്തിപൊക്കി ഇടത് അനുകൂലികള്‍ വാദിക്കുന്നു.