ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്ത നടപടിക്കെതിരെ എസ്എഫ്ഐയും. ദേശീയ പ്രസിഡന്റ് വി.പി. സാനു സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണ് സർവകലാശാലാ, കോളജ് യൂണിയനുകളുടെ പരിപാടികൾക്ക് താരങ്ങളെ ക്ഷണിക്കരുതെന്ന ആഹ്വാനമുള്ളത്.
സാനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
"സ്ത്രീകൾ ലോകത്ത് ന്യൂനപക്ഷമല്ല. പക്ഷേ ഞങ്ങളുടെ തൊഴിൽമേഖല അങ്ങനെ പറയുന്നു."
2018ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മുഴങ്ങിക്കേട്ടപ്പോൾ സിനിമാലോകം അവരെ ആദരവോടെ നോക്കി. ചലച്ചിത്രമേഖലയിൽ തങ്ങൾ നേരിടുന്ന ലിംഗവിവേചനങ്ങൾക്കെതിരെ 82 വനിതകൾ ഫെസ്റ്റിവൽ ഹാളിന്റെ ചുവന്ന പരവതാനിയിലൂടെ ഉറച്ചകാൽവെയ്പുകളോടെ നടന്നുനീങ്ങി. ഇങ്ങ് കേരളത്തിൽ ഒരു കൂട്ടം വനിതകൾ മലയാളസിനിമാവ്യവസായത്തിലെ പുരുഷ മേൽക്കോയ്മകൾക്കെതിരെ നിരന്തരം പ്രതിഷേധങ്ങളുയർത്തി.
ഏറ്റവും "ജനപ്രിയ"മായ മാധ്യമം ആണധികാരത്തിന്റെ ആഘോഷങ്ങളായിരുന്നു. എന്നും. എല്ലായിടത്തും. രാഷ്ട്രീയപ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിൽ "മീശപിരിക്കുന്ന ആണത്തമുള്ള നായകർ കൈയടി നേടി. എനിക്കു കാലുമടക്കി തൊഴിക്കാനും, എന്റെ കുട്ടികളെ പെറ്റുകൂട്ടാനും ഒരു പെണ്ണിനെ വേണമെന്ന ഡയലോഗുകൾ നിരന്തരം ആഘോഷിക്കപ്പെട്ടു. നായകരുടെ "മാസ്" എൻട്രികളിൽ മാത്രം തീയേറ്ററുകളിൽ വിസിലടികൾ നിറഞ്ഞു. സ്ത്രീവിരുദ്ധതകൾ കോമഡികളായി ആൾക്കാരെ ചിരിപ്പിച്ചു. എല്ലാം പൊതുബോധം എന്ന ആനുകൂല്യത്തിന്റെ മറവിൽ ന്യായീകരിക്കപ്പെട്ടു.
താരരാജാക്കന്മാർ തങ്ങളുടെ ജീവിതത്തിലുയർത്തിപ്പിടിച്ച രാഷ്ട്രീയനിലപാടുകളും വ്യത്യസ്തമായതൊന്നുമല്ലെന്നു തന്നെയാണ് രണ്ടു ദിവസമായി മലയാളചലച്ചിത്രമേഖലയിൽ തുടരുന്ന സംഭവവികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
തന്റെ സഹപ്രവർത്തകയ്ക്കെതിരെ ഏറ്റവും ഹീനമായ കുറ്റകൃത്യം നടത്തിയെന്നപേരിൽ അന്വേഷണം നേരിടുന്ന ഒരു വ്യക്തിയെ തിരികെയെടുത്ത് സംഘടന പുലർത്തിയ ആ "നീതിബോധ"ത്തിന്റെ പേര് "പാട്രിയാർക്കി" എന്നല്ലാതെ മറ്റൊന്നുമല്ല.
"അമ്മ" എന്ന് നാമകരണം ചെയ്ത് സർവംസഹകളായി സംഘടനയിലെ വനിതാ അംഗങ്ങളെ ഒതുക്കിയിരുത്താമെന്ന ഹുങ്കിനു നേർക്കാണ് മലയാളത്തിന്റെ പ്രിയനടിമാർ വെല്ലുവിളികളുയർത്തിയത്. നീതിബോധവും, ജനാധിപത്യവിശ്വാസവും, പുരോഗമനചിന്തയും കാത്തുസൂക്ഷിക്കുന്ന ഒരു വലിയ സമൂഹം അവർക്കു പിന്നിൽ അണിനിരന്നു.
പണക്കൊഴുപ്പിന്റെ ബലത്തിൽ മലയാള സിനിമയെ മുഴുവൻ നിയന്ത്രിക്കുന്നു എന്നഹങ്കരിക്കുന്ന താരരാജാക്കന്മാരുടെ സിനിമകൾ ഈയിടെയായി പൊട്ടിപ്പൊളിഞ്ഞുപോകുന്നുണ്ട്.
താരാരാധനയെക്കാളുപരിയായി സിനിമയുടെ പ്രമേയവും രാഷ്ട്രീയവും അംഗീകരിക്കപ്പെടുന്ന തരത്തിലേക്ക് കേരളസമൂഹം മാറിവരുക തന്നെയാണ്. പതുക്കെയാണെങ്കിലും. അതുകൊണ്ട് മലയാള നടന്മാർ എടുത്ത ഈ തീരുമാനം തീർച്ചയായും മലയാളിയുടെ സിനിമാ നീരീക്ഷണങ്ങളിൽ പ്രതിഫലിക്കുക തന്നെ ചെയ്യും.
സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടർച്ചയായി തന്റെ ഫാൻസ് എടുക്കുന്ന സമയത്തു മലയാളത്തിന്റെ മഹാനടന്മാർ വരെ മൗനികളായിരുന്ന് നിർലോഭം പിന്തുണ കൊടുക്കുന്നത് നാം കണ്ടതാണ്. അത്തരക്കാരിൽ നിന്ന് ഒരു സ്ത്രീക്ക് നീതി ലഭിക്കുന്ന തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് പോലും അബദ്ധം തന്നെയാകും. ദിലീപ് വിഷയത്തിലെ നിലപാടുകൾ ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നു.
ഇത്തരം ആളുകൾ SFI യുടെ വേദികളിൽ ചിലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്. SFI നേതൃത്വം നൽകുന്ന സർവകലാശാല യൂണിയനുകളുടെ വിവിധ പരിപാടികളിലും ക്ഷണിക്കപ്പെട്ട അതിഥികളായി എത്താറുണ്ട്.
ഏറ്റവും ജനാധിപത്യവിരുദ്ധരും, അതിലുപരി ലിംഗനീതി എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്തത്ര അന്ധരുമായ ഇത്തരം താരങ്ങളെ SFI യുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ക്ഷണിക്കുന്നത് പുനപരിശോധിക്കേണ്ടതു തന്നെയാണ്.
എല്ലാ ഭീഷണികളെയും അതിജീവിച്ച്, കരിയർ വരെ പണയപ്പെടുത്തി, ഈ ലിംഗവിവേചനങ്ങൾക്കെതിരെ, അനീതികൾക്കെതിരെ ശബ്ദമുയർത്താൻ തയ്യാറായവരെ, തങ്ങളുടെ നിലപാട് ഉച്ചത്തിൽ പ്രസ്താവിച്ചുകൊണ്ട് "അമ്മ"യിൽ നിന്നു രാജിവെച്ച മലയാളത്തിന്റെ നാലു നടിമാരെ അഭിവാദ്യം ചെയ്യുന്നു.