വോട്ടിന്റേയോ സീറ്റിന്റേയോ പേരിൽ ശബരിമല വിഷയത്തിലെ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മതനിരപേക്ഷമായി നിലനിര്‍ത്തുക എന്നതു മാത്രമാണു സര്‍ക്കാരിന്റെ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമല വിഷയത്തിലെടുത്ത നിലപാടിൽ വെള്ളം ചേർക്കില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ദുശാസനന്‍മാര്‍ കേരളത്തിലേക്കു വീണ്ടും കടന്നുവന്നു തിരനോട്ടം നടത്തുകയാണ്. സമൂഹത്തില്‍ വലിയ വിടവുകളുണ്ടാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു. അവരെ വിജയിക്കാൻ അനുവദിച്ചാൽ ഇന്നുകാണുന്ന ഈ കേരളം ഉണ്ടാകില്ല.
ഏതു പുരോഗതിയിലേക്കു കുതിക്കണമെങ്കിലും ജാതി–മത നിരപേക്ഷമായ മനസുകളുടെ ഐക്യം എന്ന അടിത്തറയുണ്ടാകണം. അത് തകർക്കാൻ ആരെയും അനുവദിക്കില്ല. ഒന്നിനുവേണ്ടിയും ആധുനിക കേരളത്തെ ബലികൊടുക്കാനാവില്ല'- മുഖ്യമന്ത്രി വ്യക്തമാക്കി.