ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 മെയ് 2025 (20:17 IST)
തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍. ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ ഭാവന കൂട്ടിപറഞ്ഞതാണെന്നാണ് ഇപ്പോഴത്തെ വിശദീകരണം. നമ്മള്‍ പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ലെന്നും അവര്‍ക്ക് ആവശ്യമുള്ളത് മാത്രമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി കൂടിയായ ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കാനാണ് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യ തിരെഞ്ഞടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്. 
 
തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നും സിപിഎം നേതാവ് ജി സുധാകരന്‍ പറഞ്ഞിരുന്നു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന എന്‍ജിഒ യൂണിയന്‍ പൂര്‍വ്വകാല നേതൃസംഗമത്തില്‍ സംസാരിക്കവെയാണ് ജി സുധാകരന്റെ വെളിപ്പെടുത്തല്‍. 
 
1989 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് തപാല്‍ വോട്ട് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്ന് ജി സുധാകരന്‍ പറഞ്ഞത്. ഇനി കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തപാല്‍ വോട്ട് ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചു പേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. കെഎസ്ടിഎ നേതാവ് കെ വിദേവദാസ് ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ബാലറ്റ് വോട്ട പരിശോധിച്ച് ഞങ്ങള്‍ തിരുത്തിയിട്ടുണ്ട്. 15 ശതമാനം പേരും വോട്ട് ചെയ്തത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ഇനിയെന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. 
 
എന്‍ജിഒ യൂണിയനില്‍പെട്ടവരെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. രാഷ്ട്രീയം ഇല്ലാത്ത സംഘടനയാണ് എജിഒ. ഏത് പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും ഈ സംഘടനയില്‍ ചേരാം. എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് ഒക്കെ വരുമ്പോള്‍ അത് തുറന്നു പറയണം. ഞാന്‍ ഈ വ്യക്തിക്കാണ് വോട്ട് ചെയ്യുകയെന്ന്. അല്ലാതെ പോസ്റ്റല്‍ ബാലറ്റ് ഒട്ടിച്ചു തന്നാല്‍ നിങ്ങളുടെ തീരുമാനം ആരും അറിയില്ലെന്ന് കരുതരുതെന്നും ജി സുധാകരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍