Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

രേണുക വേണു

വ്യാഴം, 8 മെയ് 2025 (09:01 IST)
സിസ്റ്റെയ്ന്‍ ചാപ്പലിനു മുകളിലെ പുകക്കുഴലില്‍ കറുത്ത പുക ഉയര്‍ന്നപ്പോള്‍

Papal Conclave: ആഗോള കത്തോലിക്കാസഭയുടെ പുതിയ ഇടയനായി കാത്തിരിപ്പ്. ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമി ആരെന്ന് തീരുമാനിക്കാനുള്ള കോണ്‍ക്ലേവിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയയില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. 
 
ഇറ്റാലിയന്‍ സമയം രാത്രി ഒന്‍പത് മണിയോടെ സിസ്റ്റെയ്ന്‍ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നു. മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നതിന്റെ സൂചനയാണ് കറുത്ത പുക. വെളുത്ത പുകയാണ് ഉയരുന്നതെങ്കില്‍ മാര്‍പാപ്പയെ തീരുമാനിച്ചു എന്നാണ് അര്‍ത്ഥം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഒരാള്‍ തിരഞ്ഞെടുക്കപ്പെടുന്നതുവരെ വോട്ടെടുപ്പ് നടക്കും. അഞ്ച് ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളില്‍നിന്നുമായി വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാള്‍ കത്തോലിക്കാസഭയുടെ ഇടയനാകും.
 
ചരിത്രത്തില്‍ ആദ്യമായാണ് 120 ല്‍ ഏറെപ്പേര്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. കോണ്‍ക്ലേവിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പുതിയ ഇടയനെ തീരുമാനിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ഥിയോടു മാര്‍പാപ്പ സ്ഥാനം സ്വീകരിക്കാന്‍ തയ്യാറാണോ എന്നു ചോദിക്കുന്ന ചടങ്ങുണ്ട്. സമ്മതിക്കുകയാണെങ്കില്‍ അദ്ദേഹം പുതിയ സ്ഥാനപ്പേര് സ്വീകരിക്കുകയും പേപ്പല്‍ വസ്ത്രം ധരിക്കുകയും ചെയ്യും. അതിനുശേഷം സിസ്റ്റെയ്ന്‍ ചാപ്പലിലെ 'കണ്ണുനൂര്‍ മുറി'യില്‍ അല്‍പ്പനേരം ഒറ്റയ്ക്കിരുന്ന് പ്രാര്‍ത്ഥിക്കും. പിന്നീട് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍