വത്തിക്കാന്‍ സിറ്റിയിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിവസങ്ങളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്ന് ഇനി വരാനിരിക്കുന്നത്. പോപ്പ് ഫ്രാന്‍സിസിന്റെ മരണത്തെത്തുടര്‍ന്ന്, കത്തോലിക്കാ സഭയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ കാര്‍ഡിനാളുകള്‍ സിസ്‌റ്റൈന്‍ ചാപ്പിലില്‍ ഒത്തുകൂടിയിരിക്കുന്നു. കാത്തോലിക്ക സഭയുടെ പുതിയ പോപ്പിനെ തിരെഞ്ഞെടുക്കുന്ന ചരിത്രപ്രധാനമായ സംഭവത്തെ 'പാപ്പല്‍ കോണ്‍ക്ലേവ്' (Papal Conclave) എന്നാണ് വിശേഷിപ്പിക്കാറ്. ലാറ്റിന്‍ ഭാഷയില്‍ 'അടച്ച മുറി' എന്നര്‍ത്ഥം വരുന്ന ഈ പ്രക്രിയ, നൂറ്റാണ്ടുകളുടെ പാരമ്പര്യത്തോടെയുള്ള ഒരു രഹസ്യ തിരഞ്ഞെടുപ്പ് കൂടിയാണ്.
2013-ല്‍ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ഫ്രാന്‍സിസ്, ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ക്കിടയില്‍ ഒരു പുതിയ ആശയത്തിന്റെ പ്രതീകമായിരുന്നു. ദരിദ്രരുടെ പ്രതിനിധി എന്ന് സ്വയം വിളിപ്പേര് സ്വീകരിച്ച പോപ്പ് ഫ്രാന്‍സിസ് സാമ്പത്തിക അസമത്വം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയെ ഒരു പുതിയ ദിശയിലേക്ക് നയിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ പരോപകാരപ്രവര്‍ത്തനങ്ങള്‍ക്കിടയിലും, സഭയുടെ രീതികളില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പലപ്പോഴും സഭയ്ക്കുള്ളില്‍ ആഭ്യന്തരമായ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു.
കോണ്‍ക്ലേവ്: എങ്ങനെയാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്?
കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ (Canon Law) അനുസരിച്ച്, പോപ്പിന്റെ മരണത്തെത്തുടര്‍ന്ന് 15-20 ദിവസത്തിനുള്ളില്‍ കോണ്‍ക്ലേവ് ക്രമീകരിക്കേണ്ടതുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 80 വയസ്സിന് താഴെയുള്ള കാര്‍ഡിനാളുകള്‍ (പ്രധാന പുരോഹിതര്‍) മാത്രമേ ഇതില്‍ വോട്ടു ചെയ്യാന്‍ അര്‍ഹതയുള്ളൂ. ഒരു പോപ്പിനെ തിരഞ്ഞെടുക്കാന്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷം (2/3 Majority) ആവശ്യമാണ്. ഓരോ റൗണ്ട് വോട്ടിങ്ങിനും ശേഷം, വോട്ടുകള്‍ രേഖപ്പെടുത്തിയ കടലാസുകള്‍ കത്തിക്കുന്നു. സാധാരണഗതിയില്‍ ഇതിന് കറുത്ത പുകയാണ് വരുന്നത്. പോപ്പിനെ തിരെഞ്ഞെടുക്കുന്ന പക്രിയ പൂര്‍ത്തിയായില്ലെങ്കില്‍ കറുത്ത പുകയാകും ചിമ്മിനിയിലൂടെ വരിക. ഇനി പുതിയ പോപ്പിനെ കണ്ടെത്തിയെങ്കില്‍ പ്രത്യേകമായ ചില വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് പുറത്തുവരുന്ന പുകയുടെ നിറം വെളുപ്പായിരിക്കും.
പുതിയ പോപ്പിന്റെ വെല്ലുവിളികള്‍
ഫ്രാന്‍സിസിന്റെ പിന്‍ഗാമിയായി വരുന്ന പോപ്പിന് മുന്നില്‍ നിരവധി വെല്ലിവിളികളാണുള്ളത്. ആധുനിക ലോകത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മൂല്യങ്ങള്‍, സ്ത്രീകള്‍ക്കും എല്‍ജിബിടി+ സമുദായത്തിനും സഭയുടെ പിന്തുണ, ക്ലൈമറ്റ് ക്രൈസിസ്, ക്രൈസ്തവ സമൂഹങ്ങളുടെ എണ്ണം കുറയുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് മറുപടി കാണേണ്ടി വരും. മാത്രമല്ല, സഭയുടെ ആഭ്യന്തര പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടിയും പുതിയ പോപ്പ് നിലകൊള്ളേണ്ടതായി വരും.
ഇതിന് മുമ്പ് 2005-ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ മരണാനന്തരം ജര്‍മ്മനിയില്‍ നിന്നുള്ള കാര്‍ഡിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ പോപ്പ് ബെനഡിക്ട് XVI ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ, 2013-ല്‍ അദ്ദേഹം രാജിവച്ചതോടെയാണ് ഫ്രാന്‍സിസ് പോപ്പായത്. സാധാരണയായി യൂറോപ്പില്‍ നിന്നാണ് മാര്‍പാപ്പമാരെ തെരെഞ്ഞെടുക്കാറുള്ളത്. കഴിഞ്ഞ തവണ ലാറ്റിനമേരിക്കയില്‍ നിന്നാണ് പോപ്പിനെ കണ്ടെത്തിയത്. ഇത്തവണയും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ഒരു പോപ്പിനെ തിരഞ്ഞെടുക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.