പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ യുദ്ധ സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പാക്കിസ്ഥാനു വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്‌കൈ ന്യൂസ് ചാനലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് രാജ്യങ്ങള്‍ക്കും ആണവായുധശേഷി ഉണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി പറഞ്ഞു. ' ഇന്ത്യ ഏതുതരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നുവോ അതിനനുസരിച്ചായിരിക്കും ഞങ്ങളുടെ പ്രതികരണം. കൃത്യമായി അളന്നുമുറിച്ചുള്ള പ്രതികരണമായിരിക്കും അത്. പൂര്‍ണമായി പരസ്പരം ആക്രമിക്കുന്ന സാഹചര്യം വന്നാല്‍ അത് യുദ്ധസമാന അന്തരീക്ഷത്തിലേക്ക് എത്തും,' ഖ്വാജ മുഹമ്മദ് പറഞ്ഞു.