Donald Trump: ഇന്ത്യയും വേണം പാക്കിസ്ഥാനും വേണം; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിലപാട് പറയാതെ ട്രംപ്

രേണുക വേണു

ശനി, 26 ഏപ്രില്‍ 2025 (09:04 IST)
Donald Trump: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിലപാട് പറയാന്‍ മടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരാക്രമണം വളരെ മോശം കാര്യമാണെന്ന് പറഞ്ഞ ട്രംപ് തനിക്ക് ഇന്ത്യയോടും പാക്കിസ്ഥാനോടും ഒരുപോലെ സൗഹൃദമുണ്ടെന്നും പറഞ്ഞു. 
 
' ഞാന്‍ ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്, പാക്കിസ്ഥാനുമായും എനിക്ക് നല്ല ബന്ധമുണ്ട്. കശ്മീരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആയിരം വര്‍ഷങ്ങളായി തര്‍ക്കമുണ്ട്. അവര്‍ കശ്മീരില്‍ ആയിരം വര്‍ഷമായി പോരാടുന്നു. ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍. അതിര്‍ത്തിയില്‍ 1,500 വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു. പക്ഷേ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവര്‍ അത് പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് രാജ്യത്തിന്റെ നേതാക്കളെയും എനിക്ക് അറിയാം. വര്‍ഷങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്,' ട്രംപ് പറഞ്ഞു. 
 
ഏപ്രില്‍ 22 നു ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനു പിന്നാലെ ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഭീകരാക്രമണത്തെ അപലപിച്ച ട്രംപ് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുക്കുമ്പോഴും ഈ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് ട്രംപിന്റേത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍