അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രാഹുൽ, അബിൻ വർക്കിയും കെ എം അഭിജിത്തും പരിഗണനയിൽ

അഭിറാം മനോഹർ

വ്യാഴം, 21 ഓഗസ്റ്റ് 2025 (12:12 IST)
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ രാജിവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കി, കെ എം അഭിജിത്ത് എന്നിവരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയാലും രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരും. രാഹുലില്‍ നിന്നും രാജി വാങ്ങാന്‍ ഹൈക്കമാന്റാണ് നിര്‍ദേശിച്ചിട്ടുള്ളത്.
 
 അതേസമയം ഇന്ന് നടത്താനിരുന്ന പത്രസമ്മേളനം അനാരോഗ്യം കാണിച്ച് പ്രതിപക്ഷ നേതാവായ വി ഡി സതീശന്‍ ഉപേക്ഷിച്ചിരുന്നു. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ്. ഇതിനിടെ വിഷയത്തില്‍ രാഹുല്‍ നിശബ്ദത വെടിയണമെന്നും സംഘടന കൃത്യമായ നിലപാടെടുക്കണമെന്നുമുള്ള ആവശ്യം യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്. വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. രാഹുലിനെതിരെ വിമര്‍ശനവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ രംഗത്ത് വന്നിരുന്നു. സ്‌നേഹയുടെ വിമര്‍ശനങ്ങളെ പിന്തുണച്ച് ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലും ചാണ്ടി ഉമ്മന്‍ പക്ഷവും രംഗത്ത് വന്നിട്ടുണ്ട്.
 
അശ്ലീല സന്ദേശങ്ങള്‍ തനിക്കയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും സമീപനം തുടര്‍ന്നുവെന്നുമാണ് യുവനേതാവിന്റെ പേര് വെളിപ്പെടുത്താതെ പുതുമുഖ നടി റിനി ആന്‍ ജോര്‍ജ് ഇന്നലെ വെളിപ്പെടുത്തിയത്.തന്നെ ഫൈറ്റ് സ്റ്റാര്‍ ഹോട്ടലിലേക്ക് ഈ നേതാവ് ക്ഷണിച്ചിരുന്നതായും യുവനടി വ്യക്തമാക്കിയിരുന്നു. ഈ പരാതിക്ക് പിന്നാലെ എഴുത്തുകാരിയായ ഹണി ഭാസ്‌കരനും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു. നിരവധി സ്ത്രീകളെ രാഹുല്‍ ഇരയാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച പരാതികള്‍ ഷാഫി പറമ്പിലിന് നല്‍കിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഹണി ഭാസ്‌കരന്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍