പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയിലൂടെ സുരക്ഷാ സമിതി വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നിലുള്ള സംഘാടകര്‍, സാമ്പത്തിക സഹായം നല്‍കുന്നവര്‍, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയ എല്ലാവരെയും പിടികൂടി നിയമത്തിനു മുന്‍പില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത സുരക്ഷാ സമിതിയിലെ എല്ലാ അംഗങ്ങളും അടിവരയിട്ട് ആവശ്യംപെട്ടു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാകിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികള്‍ ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ നിന്ന് ഇത്തരം ഒരു നടപടി വരുന്നത്. പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ദുരന്തം നിരന്തരമായ കുറ്റപ്പെടുത്തല്‍ കളികളുടെ മറ്റൊരു ഉദാഹരണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഉത്തരവാദിത്വമുള്ള ഒരു രാജ്യം എന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏതൊരു അന്വേഷണത്തിനും സഹകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.