'പവിത്രത നിലനിർത്താനുള്ള ശ്രമമല്ല, മറിച്ച് വർഗീയ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമമാണ്': ഇരുമുടിക്കെട്ടില്ലാതെ ആർ എസ് എസ് നേതാവ് പതിനെട്ടാം പടി കയറിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ബുധന്‍, 7 നവം‌ബര്‍ 2018 (08:37 IST)
ഇരുമുടിക്കെട്ടില്ലാതെ ആർ എസ് എസ് നേതാവ് പതിനെട്ടാം പടി കയറിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വർഗീയ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് ആർ എസ് എസ് ഇവിടെ നടത്തുന്നത്. അല്ലാതെ ശബരിമലയുടെ പവിത്രത നിലനിർത്തുന്നതിന് വേണ്ടിയല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
നേരത്തെ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ആചാരലംഘനമെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് ചൂണ്ടികാട്ടിയിരുന്നു. ആചാരപ്രകാരം തന്ത്രിക്കും പന്തളം രാജകുടുംബാഗങ്ങള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ എന്നുമാണ് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
 
'സംഘപരിവാർ നേതാവ് ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിൽ പതിനെട്ടാം പടി കയറിയതും ആചാരം ലംഘിച്ചതും കലാപം സൃഷ്‌ടിക്കുന്നതിന് വേണ്ടിതന്നെയാണ്. താന്‍ മുഖ്യമന്ത്രിയായ ശേഷം ശബരിമലയില്‍ പോയിട്ടുണ്ട്. ആചാരം പാലിച്ചുകൊണ്ടുതന്നെയാണ് താന്‍ പോയത്. പതിനെട്ടാം പടി ചവിട്ടാതെയാണ് താന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. സംഘപരിവാര്‍ നേതാക്കള്‍ ശബരിമലയില്‍ ആചാര ലംഘനം നടത്തിയപ്പോൾ എവിടെ പോയി അവര്‍ പറയുന്ന ആചാരം'- മുഖ്യമന്ത്രി ചോദിച്ചു.
 
ശബരിമലയിൽ പ്രതിഷേധം ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി പതിനെട്ടാം പടിയില്‍ കയറിയത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി കെട്ട് ഇല്ലാതെതന്നെ കൂടെ കയറുകയായിരുന്നു. കൂടാതെ പതിനെട്ടാം അടിയിൽ കയറി നിന്ന് തിരിഞ്ഞ് നിന്നതും ആചാരലംഘനം തന്നെയാണെന്നും  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍