ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 3 മാര്‍ച്ച് 2026 (15:59 IST)
14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തര നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മോറ നംദാറിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുതരമായ സുരക്ഷാ അപകടസാധ്യതകള്‍ കാരണം ലഭ്യമായ വാണിജ്യ ഗതാഗതം ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ മടങ്ങാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അമേരിക്കക്കാരോട് അഭ്യര്‍ത്ഥിക്കുന്നു- എന്നാണ് മുന്നറിയിപ്പ്.
 
ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍, പലസ്തീന്‍ എന്നിവിടങ്ങളിലുള്ള പൗരന്മാര്‍ക്കാണ് മുന്നറിയിപ്പ്. അതേസമയം ഇറാനെ ആക്രമിക്കാന്‍ വ്യോമ താവളം വിട്ടു നല്‍കില്ലെന്ന് സ്‌പെയിന്‍. ഇതോടെ 15 അമേരിക്കന്‍ വിമാനങ്ങള്‍ തിരിച്ചുപോയി. കൂടാതെ ഇറാനെതിരായ അമേരിക്ക- ഇസ്രായേല്‍ സംയുക്ത ആക്രമണത്തെ സ്‌പെയിന്‍ അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതും ആണെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചസ് പറഞ്ഞു.
 
സ്‌പെയിനില്‍ രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം പാകിസ്ഥാനില്‍ അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 23 ആയി. ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെയാണ് പാകിസ്ഥാനില്‍ പ്രതിഷേധം കടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍