'പതിറ്റാണ്ടുകളായി അടഞ്ഞു കിടന്ന അയോധ്യയിൽ ആരാധന അനുവദിച്ച് അദ്വാനിക്കു കളമൊരുക്കി കൊടുത്തത് രാജീവ് ഗാന്ധിയാണെന്നും ശബരിമല വിഷയം ആളിക്കത്തിക്കാൻ കർപ്പൂരമാകുന്നത് സഖാവ് പിണറായി വിജയനാണെ'ന്നും അഭിഭാഷകനായ ജയശങ്കർ. അയ്യപ്പ തരംഗം ആഞ്ഞടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനെത്തുന്നവരെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയശങ്കർ. ഫേസ്‌ബുക്കിലാണ് അഭിഭാഷകൻ തന്റെ നിലപാട് കുറിച്ചിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
കേരളത്തിലെ അയോധ്യയാണ് ശബരിമല; അഭിനവ അദ്വാനിയാണ് അഡ്വ ശ്രീധരൻ പിള്ള.
മൂല്യാധിഷ്ഠിത രാഷ്ട്രീയം, ഗാന്ധിയൻ സോഷ്യലിസം മുതലായ സിദ്ധാന്തങ്ങളുമായി 1984ൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി പൊളിഞ്ഞു പാളീസായി; സ്വന്തം വീടിരിക്കുന്ന ഗ്വാളിയറിൽ അടൽ ബിഹാരി വാജ്പേയി രണ്ടര ലക്ഷം വോട്ടിനു തോറ്റു തുന്നംപാടി എന്നാണ് ചരിത്രം. തുടർന്ന് പാർട്ടി അധ്യക്ഷനായ അദ്വാനി രാമജന്മഭൂമി പ്രശ്നം ആളിക്കത്തിച്ചു. രഥയാത്ര നടത്തി പാർലമെന്റിൽ പ്രധാന പ്രതിപക്ഷമായി, പളളിപൊളിച്ചു ഭരണകക്ഷിയായി.
രാമതരംഗം ഏശാതെ പോയ കേരളത്തിൽ അയ്യപ്പ തരംഗം അലയടിക്കുകയാണ്. ശ്രീധരൻ പിള്ളയാണ് സെൻ്റർ ഫോർവേഡ്, ഇടതു വിങ്ങിൽ തന്ത്രി രാജീവര്, വലതു വിങ്ങിൽ പന്തളം തമ്പുരാൻ. മിഡ്ഫീൽഡിൽ നിറഞ്ഞു കളിക്കുന്നത് സുകുമാരൻ നായർ, ഡീപ് ഡിഫൻസിൽ തുഷാർ വെള്ളാപ്പള്ളി, ഗോൾ വല കാക്കുന്നത് പൂഞ്ഞാർ വ്യാഘ്രം പിസി ജോർജ്. റിസർവ് ബെഞ്ചിൽ രമേശ് ചെന്നിത്തല. കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയും മാണിസാറും.