Israel attack on Gaza: കൊടുംക്രൂരത ! ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 143 മരണം, ആകെ മരണസംഖ്യ 53,000 കടന്നു

രേണുക വേണു

വെള്ളി, 16 മെയ് 2025 (06:14 IST)
Israel Attack on Gaza: ഗാസയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്രയേല്‍. വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 143 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജബാലിയയിലെ അഭയാര്‍ഥി ക്യാംപിലെ മെഡിക്കല്‍ ക്ലിനിക്കില്‍ അടക്കം ഇസ്രയേല്‍ അക്രമണം നടത്തി. ഇവിടെ കൊല്ലപ്പെട്ട 13 പേരില്‍ കുട്ടികളും അടങ്ങുന്നു. 
 
അല്‍-അമല്‍, വെസ്റ്റ് ഓഫ് ഖാന്‍ യൂനിസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇസ്രയേല്‍ ബോംബിട്ടു. വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയിലും ആക്രമണം നടന്നു. 1948 ലെ പലായനത്തിന്റെ ഓര്‍മയ്ക്ക് പലസ്തീനുകാര്‍ 'നഖ്ബ' ആചരിക്കുന്ന ദിവസമായിരുന്നു ഇന്നലെ.
 
ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചാണ് ബെയ്ത് ലാഹിയയില്‍ ഇസ്രയേല്‍ ബോംബിട്ടത്. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഖാന്‍ യൂനിസിനെ ആശുപത്രി പ്രവര്‍ത്തനരഹിതമായെന്ന് ഗാസ ആരോഗ്യമന്ത്രി പറഞ്ഞു. ഇസ്രയേലിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയെന്ന് യെമനിലെ ഹൂതികള്‍ അവകാശപ്പെട്ടു. എന്നാല്‍ മിസൈല്‍ ആക്രമണത്തെ വിജയകരമായി നിര്‍വീര്യമാക്കിയെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഗാസയില്‍ കൊല്ലപ്പെട്ട ആകെ മനുഷ്യരുടെ എണ്ണം 53,000 കടന്നതായാണ് റിപ്പോര്‍ട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍