വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

രേണുക വേണു

വ്യാഴം, 15 മെയ് 2025 (20:06 IST)
Bailin Das

യുവവനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍നിന്നാണു തുമ്പ പൊലീസ് ഇയാളെ പിടികൂടിയത്. ബെയ്ലിന്‍ ദാസ് ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. 
 
പ്രതിക്കായി പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒയ്ക്കു വിവരം ലഭിച്ചത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടുകയായിരുന്നു. 
 
വഞ്ചിയൂര്‍ സ്‌റ്റേഷനിലെത്തിച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്യും. നാളെയായിരിക്കും കോടതിയില്‍ ഹാജരാക്കുക. മര്‍ദ്ദനത്തിനു ഇരയായ യുവവനിതാ അഭിഭാഷകയാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്നാണ് ബെയ്‌ലിന്‍ ദാസിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നത്. അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍