കേരള രാഷ്ട്രീയത്തിൽ യു ഡി എഫ് അപ്രസക്തമായി: പിണറായി

എമിൽ ജോഷ്വ
ബുധന്‍, 16 ഡിസം‌ബര്‍ 2020 (18:29 IST)
കേരളം രാഷ്ട്രീയത്തിൽ യു ഡി എഫ് അപ്രസക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംശുദ്ധമായ മുന്നണിബന്ധം പാലിച്ചു എന്നതാണ് എൽ ഡി എഫിൻറെ നേട്ടമെന്നും അനാവശ്യമായ നീക്കുപോക്കുകൾക്ക് മുന്നണി ശ്രമിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
 
ആവേശകരമായ വിജയമാണ് എൽ ഡി എഫ് നേടിയത്. നേതാക്കളുടെ നാടുകളിൽ പോലും യു ഡി എഫിന് പതിറ്റാണ്ടുകളുടെ ആധിപത്യം നഷ്ടമായി. ജനങ്ങളുടെ വിജയമാണിത്. നാടിനെ സ്നേഹിക്കുന്നവർ നൽകിയ ഉചിതമായ മറുപടിയാണിത്. യാതൊരു വിധ കുപ്രചാരണങ്ങൾക്കും കേരളത്തിൽ ഇടമില്ല. വർഗീയശക്തികളുടെ കുത്തിത്തിരിപ്പുകൾക്കും ഇടമില്ല.
 
ബി ജെ പിയുടെ അവകാശവാദങ്ങൾ തകർന്നടിഞ്ഞിരിക്കുന്നു. യു ഡി എഫിൻറെ വിശ്വാസ്യതയും തകർന്നു. ചില വികലമനസുകൾ തരംതാണ ചില കാര്യങ്ങൾ വിളിച്ചുപറഞ്ഞു. അതിന് ചില മാധ്യമങ്ങൾ പ്രാധാന്യം നൽകി. എന്നാൽ അതെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞു. അപവാദം പ്രചരിപ്പിച്ചവർക്ക് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകി.
 
പ്രത്യേകലക്ഷ്യവുമായി ഇറങ്ങിയ കേന്ദ്ര ഏജൻസികൾക്കും ഇതിലൂടെ മറുപടി ലഭിച്ചിരിക്കുകയാണ്. 2015നേക്കാൾ വലിയ മുന്നേറ്റമാണ് എൽ ഡി എഫിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാലര വർഷക്കാലവും ജനങ്ങൾക്കൊപ്പം നിന്നാണ് ഈ സർക്കാർ പ്രവർത്തിച്ചത്. പ്രകടനപത്രികയിൽ പറഞ്ഞ 600 പദ്ധതികളിൽ 570 എണ്ണവും നടപ്പാക്കി. സർവ്വമേഖലയിലും സമാനതകളില്ലാത്ത വികസനത്തിനായിരുന്നു ഞങ്ങൾ ശ്രമിച്ചത് - പിണറായി വിജയൻ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article