പാകിസ്ഥാന്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് വിവിധ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. പാകിസ്ഥാന്റെ ഏത് വിധത്തിലുള്ള പ്രകോപനങ്ങളെയും നേരിടാന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. സൈറണുകള്‍ മുഴക്കിയും കൂടുതല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചും സുരക്ഷാസേന ജനങ്ങള്‍ക്ക് മുന്നറിയിപ്പ്‌ന് നല്‍കുന്നുണ്ട്. കൂടുതല്‍ നഗരങ്ങളില്‍ സൈറണുകള്‍ സ്ഥാപിക്കുകയും കൂടുതല്‍ സുരക്ഷ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കി. എല്ലാവരും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് നിര്‍ദേശം നല്‍കി. ഒരു അറിയിപ്പുണ്ടാകുന്നത് വരെ അവധി ഉണ്ടായിരിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ബുധനാഴ്ച 55 ഇടങ്ങളിലാണ് ഡല്‍ഹിയില്‍ മാത്രം മോക്ഡ്രില്‍ നടത്തിയത്.
ഇന്ന് രാവിലെ പട്യാല, ഛണ്ഡിഗഡ്, അമ്പാല എന്നിവിടങ്ങളില്‍ സൈറന്‍ മുഴങ്ങിയിരുന്നു. രാജസ്ഥാന്‍, പശ്ചിമബംഗാള്‍,ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.