India vs Pakistan: ഹമാസ് മാതൃകയിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണം; ചുട്ടമറുപടി കൊടുത്ത് ഇന്ത്യ, ജെറ്റുകള്‍ വെടിവച്ചിട്ടു

രേണുക വേണു

വെള്ളി, 9 മെയ് 2025 (06:27 IST)
India vs Pakistan: പാക്കിസ്ഥാന്റെ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. പൂര്‍ണ യുദ്ധത്തിലേക്ക് ഇരു കൂട്ടരും നീങ്ങിയിട്ടില്ലെങ്കിലും അതിര്‍ത്തി പ്രദേശങ്ങളില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ്. 
 
ഹമാസ് മാതൃകയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടു. എന്നാല്‍ അതിനെയെല്ലാം ഇന്ത്യ ചെറുത്തുനില്‍ക്കുകയും തക്കതായ മറുപടി നല്‍കുകയും ചെയ്തു. പാക്കിസ്ഥാന്റെ എഫ്-16 ജെറ്റ് ഇന്ത്യ വെടിവച്ചു വീഴ്ത്തി. രണ്ട് ജെ.എഫ് 17 വിമാനങ്ങളും ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടിരുന്നു. ജയ്‌സാല്‍മോര്‍, അഖ്‌നൂര്‍, പഠാന്‍കോട്ട് എന്നിവിടങ്ങളിലാണ് വിമാനങ്ങള്‍ വെടിവച്ചിട്ടത്. 
 
പുലര്‍ച്ചെ ജമ്മുവില്‍ പാക്ക് പ്രകോപനത്തെ തുടര്‍ന്ന് തുടര്‍ച്ചയായി അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ സമ്പൂര്‍ണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. ഉറിയില്‍ പാക്ക് വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബിലെ അമൃത്സറില്‍ അപായ സൈറണ്‍ മുഴങ്ങി. പഞ്ചാബിലെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍