ഇന്ത്യ എന്റെ രാജ്യം, അതിന്റെ അഖണ്ഡത തകര്‍ക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്തെ വിവാഹം

അഭിറാം മനോഹർ

വെള്ളി, 9 മെയ് 2025 (14:37 IST)
Malappuram Marriage
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ തീവ്രവാദ- മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്ത് ഒരു വിവാഹം. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയ ദിവസത്തിലായിരുന്നു മലപ്പുറം കാളിക്കാവില്‍ വ്യത്യസ്ത പ്രതിജ്ഞയോടെ വിവാഹം അന്‍ടന്നത്. കരുവാരക്കുണ്ട് സ്വദേശിയായ മുഹമ്മദ് ഹിഷാം, വാളാഞ്ചിറ സ്വദേശി നിധ ഷെറിന്‍ എന്നിവരാണ് പഹല്‍ഗാം ഭീകരാക്രമണം, മയക്കുമരുന്ന് ഉപയോഗം എന്നിവയെ തള്ളിപറഞ്ഞുകൊണ്ട് പ്രതിജ്ഞ ചെയ്ത് പുതുജീവിതത്തിലേക്ക് കടന്നത്.
 
വധുവിന്റെ അമ്മാവന്‍ ബഷീര്‍ വാളാഞ്ചിറയായിരുന്നു ഈ പ്രതിജ്ഞയ്ക്ക് പിന്നില്‍. ഇന്ത്യ എന്റെ രാജ്യമാണ്, രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്നിനെയും ഞാന്‍ അനുവദിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ഭീഷണിയായ ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരെ നാം പോരാടണം. മയക്കുമരുന്ന് ഉപയോഗം സമൂഹത്തിന് ഭീഷണിയാണ് എന്നിങ്ങനെയായിരുന്നു വിവാഹചടങ്ങിലെ പ്രതിജ്ഞ വാചകങ്ങള്‍. വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാര്‍, നവ ദമ്പതികളുടെ ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരും പ്രതിജ്ഞ ഏറ്റുചൊല്ലി.
 
 തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിനമാണിത്. രാജ്യത്തിനും അതുപോലെ പ്രധാനപ്പെട്ട ദിവസം അതിനാലാണ് സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കണമെന്ന ഉദ്ദേശത്തോടെ പ്രതിജ്ഞ നടത്തിയതെന്ന് നവദമ്പതികള്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍