കുടുംബ ഓഹരി വീതംവെച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പിതൃസഹോദരനെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ 17-ാം വയസ്സില്‍ സെബാസ്റ്റ്യന്‍ ശ്രമിച്ചത്. പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഭക്ഷണം കഴിച്ച മൂന്നു പേര്‍ അവശനിലയില്‍ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയല്‍വാസിയായ ടി.ആര്‍.ഹരിദാസ് പറഞ്ഞു. അന്ന് ഇതു സംബന്ധിച്ചു പൊലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ സെബാസ്റ്റ്യന്റെ ഒരു ബന്ധു ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിനു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട. ഗവ ഉദ്യോഗസ്ഥ ഐഷ (57), ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജയ്‌നമ്മ (54) എന്നിവരുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണത്തിനു സ്വത്തുവകകള്‍ക്കുമായി ഈ സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സെബാസ്റ്റ്യന്റെ വീടും പറമ്പും അടിമുടി ദുരൂഹത നിറഞ്ഞതാണ്. വീടിനോടു ചേര്‍ന്ന് രണ്ടരയേക്കര്‍ സ്ഥലം ഇയാള്‍ക്കുണ്ട്. ഇവിടെ കാടുപിടിച്ച് കിടക്കുകയാണ്. പറമ്പിലെ കുളത്തില്‍ മനുഷ്യമാംസം അടക്കം തിന്നുന്ന പിരാന, ആഫ്രിക്കന്‍ മുഷി തുടങ്ങിയ മീനുകളെ വളര്‍ത്തിയിരുന്നു. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ ആലപ്പുഴ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.