വലിയ ശബ്ദത്തോടെ ഷെൽ ആക്രമണം, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി: അതിർത്തിയിൽ കുടുങ്ങിയ 'ഹാഫ്' ടീം പറയുന്നു

നിഹാരിക കെ.എസ്

വെള്ളി, 9 മെയ് 2025 (17:11 IST)
പാകിസ്ഥാന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ മലയാള സിനിമയിലെ ഒരു സംഘം കുടുങ്ങിയിരുന്നു. ഇന്നലെ രാത്രിയാണ് ഷെല്‍ ആക്രമണം നടന്നത്. സംജദ് സംവിധാനം ചെയ്യുന്ന ‘ഹാഫ്’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഇവിടെ അകപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചു. ചിത്രത്തിലെ 200 പേര്‍ അടങ്ങുന്ന സംഘമാണ് ജയ്‌സാല്‍മിറിലുള്ളത്.
 
90 ദിവസത്തെ ഷൂട്ടിങ് ആണ് ജയ്‌സാല്‍മീറില്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി നാട്ടിലേക്ക് വരികയാണെന്ന് സിനിമയിലെ നായിക ഐശ്വര്യ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഷെല്‍ ആക്രമണത്തിന്റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ വ്യക്തമാക്കി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ.
 
ബല്‍ബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് ഹാഫ്. ‘ഗോളം’ എന്ന സിനിമയ്ക്ക് ശേഷം സംജാദ് ഒരുക്കുന്ന ചിത്രമാണ് ഹാഫ്. മലയാളത്തിലെ ആദ്യത്തെ വാമ്പയര്‍ ആക്ഷന്‍ മൂവി കൂടിയാണ് ഹാഫ്. സുധീഷ്, മണികണ്ഠന്‍ (ബോയ്‌സ് ഫെയിം), ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍