അപകടകരമായ നിലയിലുള്ള മരങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റുമെന്ന് റവന്യു മന്ത്രി കെ.രാജന്‍. കണ്ണാറ പീച്ചി റോഡില്‍ മരം മറിഞ്ഞു കഴിഞ്ഞ രാത്രി ഗതാഗത തടസം ഉണ്ടായതിനെത്തുടര്‍ന്ന് കെ.എഫ്.ആര്‍.ഐ ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പീച്ചി റോഡിലെ അപകടകരമായ നിലയിലുള്ള മരങ്ങളുടെ പട്ടിക തയ്യാറാക്കി കെ എഫ് ആര്‍ ഐ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ദുരന്തനിവാരണ സമിതിയ്ക്ക് ഉടന്‍ സമര്‍പ്പിക്കും. സമിതി പട്ടിക പരിശോധിച്ച് മരം മുറിച്ചുമാറ്റുന്നതിന് തൃശൂര്‍ ഡി എഫ് ഒ യ്ക്ക് ഉത്തരവ് നല്‍കും.
മരം മുറിയ്ക്കുന്നത് സങ്കടകരമാണെങ്കിലും ദുരന്തം ഒഴിവാക്കുന്നതിന് അപകടനിലയിലുളളവ മുറിക്കാതെ മറ്റ് മാര്‍ഗമില്ല. അതിനാല്‍ ശിഖരങ്ങള്‍ മാത്രം മുറിച്ച് സുരക്ഷിതമാക്കാവുന്ന മരങ്ങള്‍ മുഴുവനായി മുറിക്കേണ്ടതില്ലെന്നും മന്ത്രി രാജന്‍ ഓര്‍മ്മിപ്പിച്ചു. മരം മറിഞ്ഞുണ്ടായ വൈദ്യുതി തടസം പുനസ്ഥാപിച്ചു കഴിഞ്ഞു. റോഡരികില്‍ നില്‍ക്കുന്ന മരങ്ങളുടെ സുരക്ഷിതാ അവസ്ഥ ആഴ്ച്ചയിലൊരിക്കലെങ്കിലും പരിശോധിക്കണമെന്നും മന്ത്രി വനം വകുപ്പിനോട് നിര്‍ദ്ദേശിച്ചു.