രാഹുല്‍ റായ് ബറേലി നിലനിര്‍ത്തും; വയനാട്ടില്‍ മത്സരിക്കാന്‍ പ്രിയങ്ക തയ്യാര്‍

രേണുക വേണു

വെള്ളി, 7 ജൂണ്‍ 2024 (11:51 IST)
രാഹുല്‍ ഗാന്ധി റായ് ബറേലി നിലനിര്‍ത്തുമെന്ന സൂചന നല്‍കി എഐസിസി വൃത്തങ്ങള്‍. വയനാട് സീറ്റ് രാഹുല്‍ ഉപേക്ഷിക്കും. പകരം പ്രിയങ്ക ഗാന്ധിയായിരിക്കും വയനാട്ടില്‍ മത്സരിക്കുക. രാഹുല്‍ വയനാട് വിടുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കണമെന്ന് കെപിസിസി നേതൃത്വം എഐസിസിയോട് ആവശ്യപ്പെടും. തൃശൂരില്‍ തോറ്റ് മൂന്നാം സ്ഥാനത്തു പോയ കെ.മുരളീധരനെ ഉപതിരഞ്ഞെടുപ്പില്‍ വയനാട് മത്സരിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിനു സാധ്യതയില്ല. 
 
റായ് ബറേലിയില്‍ രാഹുല്‍ തുടരുന്നത് തന്നെയാണ് നല്ലതെന്ന് എഐസിസി നേതൃത്വം വിലയിരുത്തി. രാഹുല്‍ റായ് ബറേലിയില്‍ നിന്ന് മാറിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് വയനാട് ഉപേക്ഷിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എഐസിസി എത്തിയത്. 
 
വയനാട് മത്സരിക്കാന്‍ പ്രിയങ്ക തയ്യാറാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാഹുല്‍ പോകുമ്പോള്‍ പകരം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നേതാവ് തന്നെ വയനാട്ടില്‍ വരണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വയനാട് ലോക്‌സഭാ മണ്ഡലത്തിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുക്കും നടക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍