സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുമായി വിലസിയ വിരുതന്‍, സജ്‌നമോള്‍, ശ്രീജ എന്നീ പേരുകളില്‍ രണ്ട് ഐഡികള്‍; ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തു

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (08:47 IST)
ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കൂടി കണ്ടെത്തി. സജ്‌നമോള്‍, ശ്രീജ എന്നിങ്ങനെ രണ്ട് സ്ത്രീകളുടെ പേരിലാണ് വ്യാജ അക്കൗണ്ടുകള്‍. ഈ വ്യാജ പ്രൊഫൈലില്‍ നിന്നുള്ള ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. 
 
അതേസമയം, ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് കേസിലെ മൂന്നാം പ്രതിയായ ലൈല ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഷാഫി ഒരു വര്‍ഷം മുന്‍പ് മറ്റൊരു കൊലപാതകം കൂടി നടത്തിയതായി ലൈല പൊലീസിനു മൊഴി നല്‍കി. ഒരു വര്‍ഷം മുന്‍പ് ഇലന്തൂരിലെ വീട്ടില്‍വെച്ചാണ് ഷാഫി ഇത് പറഞ്ഞത്. കൊലപാതകം നടത്തിയ ശേഷം മനുഷ്യമാംസം വില്‍പ്പന നടത്തിയെന്നും ഷാഫി പറഞ്ഞതായി ലൈല മൊഴി നല്‍കി. ഇലന്തൂരിലെ തെളിവെടുപ്പിനിടെയാണ് ലൈല ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. 
 
എറണാകുളത്ത് ഒരു കൊലപാതകം നടത്തി. അതിനുശേഷം മനുഷ്യമാംസം വിറ്റു. വീടിന്റെ ഇറയത്തുവെച്ച് ഭഗവല്‍ സിങ് കൂടി ഇരിക്കുന്ന സമയത്താണ് ഷാഫി ഇത് പറഞ്ഞതെന്നും ലൈല വെളിപ്പെടുത്തി. 
 
താന്‍ ലൈലയോടും ഭഗവല്‍ സിങ്ങിനോടും മറ്റൊരു കൊലപാതകം നടത്തിയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ഷാഫിയും സമ്മതിച്ചു. യഥാര്‍ഥത്തില്‍ കൊലപാതകമൊന്നും നടത്തിയിട്ടില്ല. ലൈലയോടും ഭഗവല്‍ സിങ്ങിനോടും വെറുതെ കള്ളം പറഞ്ഞതാണെന്നും ഷാഫി വിശദീകരിച്ചു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article