കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും രജിവച്ച നടിമാരെ കുറ്റപ്പെടുത്തി കെബി ഗണേഷ് കുമാര്‍ എംഎല്‍എ അയച്ച ശബ്ദസന്ദേശം ചോർന്ന സംഭവം സ്വകാര്യ സൈബർ ഏജൻസി അന്വേഷിക്കും.
അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന് സംഘടനയുടെ വൈസ് പ്രസിഡന്റുമാരിലൊരാളായ ഗണേഷ് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് ചോര്‍ന്നത്. ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് നേരത്തെ ഗണേഷ് വ്യക്തമാക്കിയിരുന്നു.
രാജിവെച്ച നടിമാര്‍ സിനിമയിലോ സംഘടനയിലോ സജീവമല്ലെന്നും ഇവര്‍ പുറത്ത് പോകുന്നതും പുതിയ സംഘടനയുണ്ടാക്കുന്നതും നല്ല കാര്യമാണെന്നുമാണ് ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിൽ ഗണേഷ് പറയുന്നത്.
സംഘടനയുടെ മെഗാ ഷോയിലും ഈ നടിമാര്‍ സഹകരിച്ചിട്ടില്ല. ഈ നടിമാര്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. നടിമാര്‍ സംഘടനയോടെ ശത്രുത ഉള്ളവരാണ്. സിനിമയിലെ നടീനടന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണ് അമ്മ രൂപീകരിച്ചത്. ജനപിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ ഇത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ഗണേഷ് സന്ദേശത്തില്‍ പറയുന്നുണ്ട്.