പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍

ശനി, 3 മെയ് 2025 (17:38 IST)
പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. പാകിസ്ഥാനിലേക്കുള്ള പോസ്റ്റല്‍ സര്‍വീസും നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
 
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ തീവ്രവാദികള്‍ ആക്രമണം നടത്തി 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനെ തുടര്‍ന്ന് ഇന്ത്യ നടപ്പിലാക്കിയ നയതന്ത്ര പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ നടപടി. അതേസമയം ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ പാക്കിസ്ഥാനിലെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ തടഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വഴി മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചു. ആക്രമണത്തെ തുടര്‍ന്നുള്ള നായതന്ത്ര തിരിച്ചടികളുടെ ഭാഗമായാണ് തീരുമാനം. നേരത്തെ പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 200ശതമാനം ഇറക്കുമതി തീരുക ഇന്ത്യ ചുമത്തിയിരുന്നു.
 
പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രധാനമായും സിമന്റ്, പെട്രോളിയം ഉല്‍പന്നങ്ങള്‍, ധാതുക്കള്‍, പഴങ്ങള്‍ എന്നിവയാണ് ഇറക്കുമതി ചെയ്യുന്നത്.2024 നും 2025 നും ഇടയില്‍ പാക്കിസ്ഥാനില്‍ നിന്ന് 4.2 ലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. അതേസമയം ഇതേ കാലയളവില്‍ നേരത്തെ 28.6 ലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. അതേസമയം പഹല്‍ഗാമില്‍ നടന്നത് പാക്കിസ്ഥാന്റെ ഐഎസ്ഐ ലഷ്‌കര്‍ ത്വയ്യിബ സംയുക്ത ഭീകരാക്രമണമാണെന്ന് എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍