നടി ഛായ കദമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വനം വകുപ്പ്. ലാപതാ ലേഡീസ്, ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്നീ സിനിമകളില്‍ പ്രധാന വേഷത്തില്‍ എത്തിയ താരമാണ് ഛായ കദം. അടുത്തിടെ നല്‍കിയ ഒരു അഭിമുഖമാണ് നടിക്ക് കുരുക്ക് ആയിരിക്കുന്നത്. അഭിമുഖത്തില്‍ താന്‍ വന്യജീവി മാംസം കഴിച്ചിട്ടുണ്ട് എന്നായിരുന്നു ഛായ പറഞ്ഞത്. ഇതോടെയാണ് വനം വകുപ്പ് കേസെടുത്തത്.
മുള്ളന്‍ പന്നി, ഉടുമ്പ്, മുയലുകള്‍, കാട്ടുപന്നി എന്നീ മൃഗങ്ങളുടെ ഇറച്ചി കഴിച്ചിട്ടുണ്ട് എന്നാണ് നടി പറഞ്ഞത്. മുംബൈ ആസ്ഥാനമായുള്ള എന്‍ജിഒയായ പ്ലാന്റ് ആന്‍ഡ് ആനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറിനും പരാതി നല്‍കിയിരിക്കുന്നത്.
സംരക്ഷിത വന്യജീവി ഇനത്തില്‍പ്പെടുന്നവയാണ് മുള്ളന്‍ പന്നി, ഉടുമ്പ് എന്നീ ജീവികള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ഛായയെ ഉടന്‍ തന്നെ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നടി ജോലിയുടെ ഭാഗമായി വിദേശത്താണ്.
വിദേശത്തുള്ള നടി നാല് ദിവസത്തിന് ശേഷം മാത്രമേ തിരിച്ചെത്തൂ എന്ന് അറിയിച്ചിട്ടുണ്ടെന്നും, വന്നാല്‍ ഉടന്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫോറസ്റ്റ് ഓഫീസര്‍ റോഷന്‍ റാത്തോഡ് പറഞ്ഞു. നടി പറഞ്ഞത് ശരിയാണെങ്കില്‍, 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണിത്.