പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും രാജ്യം വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. ദില്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ പോസ്റ്റല്‍ സര്‍വീസുകളും പാക് ഐപി അഡ്രസുള്ള വെബ്‌സൈറ്റുകളും നിരോധിച്ച് കൊണ്ട് പാകിസ്ഥാന് മുകളില്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. അതേസമയം തിരിച്ചടി വൈകുന്നതില്‍ കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരായ വിമര്‍ശനം കടുപ്പിച്ചു.
തീവ്രാവാദികളില്‍ ഒരാളെ പോലും വെറുതെ വിടില്ലെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കുമെന്ന ഉറപ്പാണ് അമിത് ഷാ നല്‍കിയത്. അതേസമയം നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തികളിലും കടുത്ത ജാഗ്രത തുടരുകയാണ്.അസാധാരണമായ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും സേന തിരിച്ചടിക്ക് സന്നദ്ധമാണെന്നും നാവികസേന വ്യക്തമാക്കി. തിരിച്ചടി സൈന്യത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുത്തതോടെ സൈന്യം അതിനായുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്. ഇതിലുള്ള പുരോഗതി കരസേന മേധാവി ഇന്നലെ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു.