പഹല്‍ഗാമില്‍ നടന്നത് പാക്കിസ്ഥാന്റെ ഐഎസ്‌ഐ -ലഷ്‌കര്‍ ത്വയ്യിബ സംയുക്ത ഭീകരാക്രമണം: എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 2 മെയ് 2025 (13:44 IST)
പഹല്‍ഗാമില്‍ നടന്നത് പാക്കിസ്ഥാന്റെ ഐഎസ്‌ഐ ലഷ്‌കര്‍ ത്വയ്യിബ സംയുക്ത ഭീകരാക്രമണമാണെന്ന് എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട്. ഐഎസ്‌ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള ഗൂഢാലോചന നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പദ്ധതി നടപ്പാക്കിയത് പാക്കിസ്ഥാനിലെ ലഷ്‌കറേ ത്വയ്യിബയുടെ ആസ്ഥാനത്തുവച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരും പാക്കിസ്ഥാനികളാണ്. ഇവര്‍ ലഷ്‌കര്‍ പ്രവര്‍ത്തകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും പദ്ധതി നടപ്പാക്കാനുള്ള സമയം, ആയുധങ്ങള്‍ എന്നിവയെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഇരുരാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ബുധനാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായും സംസാരിച്ചു. ആണവ ശേഷിയുള്ള ഇരു രാജ്യങ്ങളോടും സംഘര്‍ഷം ലഘൂകരിക്കാനും ദക്ഷിണേഷ്യയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍