സിബി മലയിലിന്റെ കുറിപ്പ്:-
ഒരു ഓൺലൈൻ മാധ്യമത്തിലും മറ്റു ചില മാധ്യമങ്ങളിലും വന്ന വാർത്തയുടെ നിജസ്ഥിതി ബോദ്ധ്യപ്പടുത്തുന്നതിനാണ് ഈ കുറിപ്പ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ഫെഫ്ക ഡയറക്ടറേസ് യൂണിയന്റെ നിർവാഹക സമിതി യോഗത്തിൽ ശ്രീ ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടി എടുക്കാൻ ശ്രീ ബി. ഉണ്ണികൃഷ്ണനും, ശ്രീ രൺജി പണിക്കരും നടത്തിയ നീക്കങ്ങളെ ശ്രീ.കമലും, ശ്രീ സോഹൻ സീനുലാലും, ഞാനും ചേർന്നു അട്ടിമറിച്ചു എന്നതാണ് പ്രസ്തുത മാധ്യമങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വാർത്ത.
മാസങ്ങൾക്ക് മുമ്പ് ഒരു വാരികയിൽ ശ്രീ ആഷിക്ക് അബു സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധം നടത്തിയ വ്യാജ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ സംഘടന നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യവും കഴിഞ്ഞ ദിവസം ശ്രീ ആഷിക്ക് അബു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സംഘടനയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ ചില പരാമർശങ്ങൾ ആവർത്തിക്കുകയും ചെയ്ത പശ്ചാത്തലവും ഡയറക്റ്റേർസ്സ് യൂണിയന്റെ എക്സ്സിക്യുട്ടീവ് കമ്മറ്റി യോഗം ചർച്ച ചെയ്തു.
ശ്രീ ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന് യോഗത്തിൽ പങ്കെടുത്ത ആരും ഉന്നയിച്ചില്ല. കാരണം കാണിക്കൽ നോട്ടിസിന് ശ്രീ.ആഷിഖ് അബു മറുപടി നൽകാതിരുന്ന കഴിഞ്ഞ ആറു മാസത്തെ കാലയളവിൽ എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിനെതിരെ ചട്ടപ്പടി ശിക്ഷണ നടപടി കൈക്കൊള്ളാമെന്നിരിക്കെ, നേതൃത്വത്തിലെ ചിലർ ഇപ്പോൾ അതിന് ശ്രമിച്ചു എന്ന് പറയുന്നത് തന്നെ അസംബന്ധമാണ്.
എന്നാൽ, സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കപ്പെട്ട ആഷിഖ് അബു നടത്തിയ വ്യാജ പ്രസ്താവനകളുടെ നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാൻ, ശ്രീ ആഷിക്ക് പരാമർശിച്ച വിഷയവുമായി ബന്ധപ്പെട്ട കത്തുകൾ ഉൾപ്പെടെയുള്ള ഒരു വിശദീകരണക്കുറിപ്പു ഡയറക്ടേർസ് യൂണിയന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നൽകുവാൻ ഏകകണ്ഠമായി തീരുമാനിക്കുകയാണുണ്ടായത്. മറിച്ചുള്ള എല്ലാ വാർത്തകളും അടിസ്ഥാനരഹിതമാണെന്ന സത്യം ഫെഫ്കയുടെ ഉത്തരവാദപ്പെട്ട ഭാരവാഹി എന്ന നിലയിൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു.