ചിറയിൻകീഴ്: ഒരു കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ കേസിലെ മുഖ്യ പ്രതികളെ കടയ്ക്കാവൂർ പോലീസ് പിടികൂടി. കഴിഞ്ഞ മാസം ഇരുപത്തെട്ടാം തീയതി കടയ്ക്കാവൂർ മണനാക്കിലെ സ്വകാര്യ ഓഡിറ്റോറിയത്തിനടുത്ത് വച്ചാണ് ലഹരിവേട്ട നടന്നത്.
തിരുവനന്തപുരം വട്ടിയൂർക്കാവ് കല്ലുമലയ്ക്കടുത്ത് പരുത്തിവിളയിൽ വിഷ്ണുപ്രസാദ് (28), കഴക്കൂട്ടം മേനംകുളം പള്ളിത്തുറ ആറാട്ടുവഴി പാലത്തിനടുത്ത് ഡൊമിനിക് പീറ്റർ (26) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നും രണ്ടു പ്രതികളായ പെരുങ്ങുഴി നാലുമുക്ക് ശബരീനാഥ്, വർക്കല അയിരൂർ കളത്തറയിൽ നിഷാൻ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.
ഇവരിൽ നിന്നാണ് വിഷ്ണുപ്രസാദ്, ഡൊമിനിക് പീറ്റർ എന്നിവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. വിഷ്ണുപ്രസാദിനെ ബംഗളൂരുവിൽ നിന്നും ഡൊമിനിക് പീറ്ററെ എറണാകുളത്തു നിന്നുമാണ് പിടികൂടിയത്.