പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ എഡിജിപി സുധേഷ് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് പരാതി നല്‍കി. പരാതി, ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി.
തന്റെ മകള്‍ സ്‌നിഗ്‌ധ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്. ഇയാള്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായിട്ടാണ് ഓടിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നാണ് ഗവാസ്കറിന് പരിക്കേറ്റതെന്നും സുദേഷ്കുമാറിന്റെ പരാതിയില്‍ പറയുന്നു.
കേസ് നടപടികളിലൂടെ പൊതുജനമധ്യത്തില്‍ തന്നെയും കുടുംബത്തെയും അവഹേളിക്കാന്‍ ഗവാസ്‌കര്‍ ശ്രമിക്കുകയാണ്. ഈ സംഭവത്തിന് ശേഷം തനിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നും എഡിജിപി പരാതിയിൽ വ്യക്തമാക്കി.
അതേസമയം,തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന ഗവാസ്‌കറിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. എഡിജിപിയുടെ മകൾ തന്നെ മർദിച്ചെന്നായിരുന്നു ഗവാസ്കറുടെ പരാതി. കഴുത്തിനു പരുക്കേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.