പരാതി വ്യാജമാണെങ്കില്‍ എഡിജിപിയുടെ മകൾക്കെതിരെ നടപടി; പൊലീസിലെ ദാസ്യപ്പണി സമ്മതിക്കില്ല: ഡിജിപി
തിങ്കള്‍, 18 ജൂണ്‍ 2018 (20:35 IST)
പൊലീസ് ഡ്രൈവർ മർദ്ദിച്ചെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധേഷ് കുമാറിന്‍റെ മകൾ സ്നിഗ്ധ മർദിച്ചെന്നാണു പൊലീസ് ഡ്രൈവർ ഗവാസ്കറുടെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് യുവതിയും ഗവാസ്‌കറിനെതിരെ പരാതി നൽകിയിട്ടുണ്ട്.
ക്യാമ്പ് ഫോളോവർമാരെ തിരിച്ചയക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ദിവസത്തിനുള്ളിൽ ഇക്കാര്യം അനുസരിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകും. ക്യാമ്പ് ഫോളോവേഴ്സിന്റെ കണക്ക് എടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാമ്പ് ഫോളോവേഴ്സിനെ ക്യാമ്പ് ഓഫീസിൽ ജോലിക്ക് നിറുത്താൻ അനുവാദമുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലിക്ക് നിറുത്തൻ പാടില്ല. ഇക്കാര്യങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൊലീസിലെ അടിമപ്പണി അവസാനിപ്പിക്കുമെന്നും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.