പൊലീസിലെ അടിമപ്പണി വിവാദത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ഇതിനെതിരെ കൃത്യമായ നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നും എന്നാൽ ഇതിനിടയിൽ ചില മാധ്യമങ്ങൾ തെറ്റായ കണക്കുകളും വിവരങ്ങളും നിരത്തി വ്യാജപ്രചാരണം നടത്തുകയാണെന്നും ഡിജിപി കുറ്റപ്പെടുത്തി. ഡിജിപി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
'എന്നാൽ ഈ വിവാദത്തെത്തുടർന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ പലതും സ്ഥിരീകരിക്കാത്തതും തെറ്റായതും അടിസ്ഥാനമില്ലാത്തതും അസത്യവുമാണ്. ഇത്തരം വാർത്തകൾ പൊലീസിന്റെ മനോവീര്യം കെടുത്തുകയും പൊതുജനങ്ങൾക്കിടയിൽ പൊലീസ് സേനയോട് വിശ്വാസക്കുറവ് ഉണ്ടാക്കുകയും ചെയ്യും. പൊലീസ് ഉദ്യോഗസ്ഥരെപ്പോലെ മാധ്യമങ്ങൾക്കും സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെ'ന്നും ഡിജിപിയുടെ സർക്കുലറിൽ സൂചിപ്പിക്കുന്നു.