കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സിആര്‍ രവിചന്ദ്രന്‍

ശനി, 3 മെയ് 2025 (20:27 IST)
കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച മൂന്ന് പേരുടെയും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പുക ശ്വസിച്ചല്ല മരിച്ചതെന്നാണ്. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, മേപ്പയ്യൂര്‍ സ്വദേശി ഗംഗാധരന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ മരണകാരണം പുക ശ്വസിച്ചല്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളിലെ യുപിഎസ് മുറിയില്‍ നിന്ന് പുക വരുന്നുണ്ടായിരുന്നു. 
 
യുപിഎസ് മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതായാണ് പ്രാഥമിക നിഗമനമെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ മാത്രം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് 200 ലധികം രോഗികളെ മറ്റ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. അതേസമയം അപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ 37 രോഗികളുടെ ചികിത്സാ ചെലവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വീണ ജോര്‍ജ് നല്‍കിയില്ല. 
 
അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയും സാങ്കേതിക പരിശോധനയും എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെറിയ പുക പ്രത്യക്ഷപ്പെട്ടയുടന്‍ രോഗികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിച്ചു. പോലീസും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവസമയത്ത് കളക്ടറും എംഎല്‍എയും ആശുപത്രിയിലായിരുന്നു. എല്ലാവരും ഏകോപിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രോഗികളുടെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. 
 
ആര്‍ക്കും ചികിത്സ നിഷേധിക്കില്ല. ഇതിനായി ഇടപെടല്‍ ഉണ്ടാകും. കൂടുതല്‍ അന്വേഷണത്തിനായി മറ്റൊരു മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം എത്തുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍