ലോകത്തെ മുൻനിര ടെക് കമ്പനിയായ ആപ്പിളിന്റെ ജനപ്രിയ ഉൽപ്പന്നം ഐഫോണിന്റെ വിപണിയിലെ മോശം പ്രകടനത്തെത്തുടർന്ന് വില കുറച്ച് ചൈനീസ് ഇലക്ട്രോണിക്സ് വ്യാപാരികൾ. രാജ്യത്ത് നിന്നുള്ള കുറഞ്ഞ വിൽപ്പനയിൽ ആപ്പിളിൽ നിന്നും താക്കീത് ലഭിച്ചതിനെ തുടർന്നാണ് വില കുറക്കാൻ വ്യാപാരികൾ നിർബന്ധിതരായത്.
അതേസമയം, ആപ്പിളിന്റെ ചൈനീസ് സൈറ്റുകളിൽ വിലയ്‌ക്ക് ഇപ്പോഴും മാറ്റമില്ല. വിലക്കുറവിനെ കുറിച്ച് ആപ്പിളിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല. ഈ വാരത്തോടെയാണ് ഡിസ്ക്കൗണ്ട് ഓഫറുമായി ആലിബാബയും ജെ.ഡി.കോമും ഉൾപ്പടെയുള്ള ചൈനീസ് റീട്ടെയ്ൽ ഭീമൻമാർ രംഗത്തെത്തിയത്.
8,000 മുതൽ 12,000 രൂപ വരെ ഡിസ്ക്കൗണ്ടിലാണ് ചൈനയിൽ ഐഫോണുകള്‍ വില്‍ക്കപ്പെടുന്നത്. ആപ്പിളിന്റേതായി അവസാനമായി വിപണിയിൽ ഇറങ്ങിയ XS, XR മോഡലുകൾ പ്രതീക്ഷിച്ചത്ര നേട്ടം ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് ഓഫറുകളുമായി കമ്പനി എത്തിയത്.
എന്നാൽ വിപണിയിൽ കമ്പനി വൻ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും മേധാവിയുടെ ശമ്പളത്തിന് ഒരു കുറവും വന്നിട്ടില്ല. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ആപ്പിൾ സിഇഒ ടിം കുക്കിന്റെ 2018 ലെ പ്രതിഫലം 15.7 ദശലക്ഷം ഡോളറാണ്, അതായത് ഏകദേശം 110 കോടി രൂപ.