2024 ഐപിഎല്‍ സീസണില്‍ 600 റണ്‍സ് മാര്‍ക്ക് കടന്ന് ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 92 റണ്‍സുമായി കോലി തിളങ്ങിയിരുന്നു. ഇതോടെ നിലവിലെ സീസണിലെ കോലിയുടെ റണ്‍സ് സമ്പാദ്യം 634 റണ്‍സായി ഉയര്‍ന്നു. 12 മത്സരങ്ങളില്‍ നിന്നും 70.44 ശരാശരിയിലാണ് കോലിയുടെ നേട്ടം. 155.51 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റും കോലിയ്ക്കണ്ട്. ഇത് നാലാം തവണയാണ് കോലി ഒരു ഐപിഎല്‍ സീസണില്‍ 600 കടക്കുന്നത്. 2013,2016,2023 സീസണുകളിലും കോലി 600 റണ്‍സ് മറികടന്നിരുന്നു.
ഇതോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ സീസണുകളില്‍ 600+ നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ കോലി കെ എല്‍ രാഹുലിനൊപ്പമായി. അതേസമയം ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ബഹുദൂരം മുന്നിലാണ് കോലി. രണ്ടാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്ക്വാദിന് 541 റണ്‍സാണുള്ളത്. ഇന്ന് ഗുജറാത്തുമായി ചെന്നൈയ്ക്ക് മത്സരമുള്ളതിനാല്‍ ഗെയ്ക്ക്വാദിന് നില മെച്ചപ്പെടുത്താനാകും. മത്സരത്തില്‍ 94 റണ്‍സ് നേടാനാവുകയാണെങ്കില്‍ കോലിയെ മറികടക്കാനും റുതുരാജിന് സാധിക്കും. 533 റണ്‍സുമായി ഹൈദരാബാദിന്റെ ട്രാവിസ് ഹെഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.