വിവാദം ചൂടുപിടിക്കുന്നതിനിടയിൽ സഞ്ജീവ് ഗോയങ്കയുടെ പഴയകാലം എന്നത് ധോനിയെ പോലും നായകസ്ഥാനത്ത് നിന്നും പുറത്താക്കിയതാണെന്ന് ആരാധകർ ഓർപ്പിക്കുന്നു. അതിനാൽ തന്നെ കെ എൽ രാഹുൽ ടീമിന് പുറത്ത് പോയാലും അത്ഭുതമില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ പറയുന്നത്. 2016ൽ ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് ഐപിഎല്ലിൽ വിലക്ക് വന്നതിനെ തുടർന്ന് ഗുജറാത്ത് ലയൺസ്, പൂനെ സൂപ്പർ ജയൻ്സ് എന്നീ ടീമുകളെ ഐപിഎല്ലിൽ പുതുതായി ഉൾപ്പെടുത്തിയിരുന്നു. ഇതിൽ പുനെ ടീമിൻ്റെ ഉടമയായിരുന്നു സഞ്ജീവ് ഗോയങ്ക.
ചെന്നൈ സൂപ്പർ കിംഗ്സ് നായകനായ എം എസ് ധോനിയായിരുന്നു പുനയെ നയിച്ചിരുന്നത്. എന്നാൽ ധോനിക്ക് കീഴിൽ ആദ്യ സീസണിൽ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്ന സ്ഥാനം അന്നും ധോനിക്കുണ്ടായിരുന്നു. എന്നിട്ട് പോലും ധോനിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ഗോയങ്ക ടീമിൻ്റെ നായകനാക്കി. അടുത്ത സീസണിൽ സ്മിത്തിൻ്റെ നായകത്വത്തിൽ പുനെ ഫൈനൽ വരെയെത്തിയെങ്കിലും ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയായിരുന്നു.
അന്ന് ധോനിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ സഞ്ജീവ് ഗോയങ്കക്കെതിരെ ആരാധകർ തിരിഞ്ഞെങ്കിലും ഗോയങ്ക തൻ്റെ തീരുമാനത്തിൽ നിന്നും മാറിയിരുന്നില്ല. ധോനിയും താനും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും അന്ന് യുവതാരമായിരുന്ന സ്മിത്തിനെ നായകനാക്കാനാണ് ധോനിയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതെന്നും ഗോയങ്ക അന്ന് വ്യക്തമാക്കിയിരുന്നു. ലോകക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും നേടിനിൽക്കുന്ന ധോനിയെന്ന നായകനെ അന്ന് പുറത്താക്കാമെങ്കിൽ കെ എൽ രാഹുലിനെ ഈസിയായി ഗോയങ്കക്ക് പുറത്താക്കാൻ സാധിക്കുമെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്.