K L Rahul: പവർ പ്ലേയിൽ അല്പം പവറാകാം, ഇത് ഡിഫൻസ് മിനിസ്റ്റർ തന്നെ, മെല്ലെപ്പോക്കിൽ രാഹുലിനെ വിമർശിച്ച് ആരാധകർ

അഭിറാം മനോഹർ

വ്യാഴം, 9 മെയ് 2024 (12:10 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ ട്രോളുകള്‍ ഏറ്റുവാങ്ങി ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍. മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിനായി നായകന്‍ കെ എല്‍ രാഹുലാണ് ഓപ്പണിംഗിനിറങ്ങിയത്. ഹൈദരാബാദ് പോലെ ശക്തമായ ബാറ്റിംഗ് നിരയുള്ള ടീം എതിരാളികളായിട്ടും 33 പന്തില്‍ നിന്നും 29 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ലഖ്‌നൗവിന് വിജയം അനിവാര്യമായ സമയത്തായിരുന്നു നായകന്‍ കൂടിയായ കെ എല്‍ രാഹുല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞത്.
 
 പാറ്റ് കമ്മിന്‍സ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ മനോഹരമായ ലോഫ്റ്റഡ് ഷോട്ടിലൂടെ തന്റെ ക്ലാസ് തെളിയിച്ചുകൊണ്ട് രാഹുല്‍ പ്രതീക്ഷ നല്‍കിയെങ്കിലും പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഏകദിനത്തെ പോലും നാണിപ്പിക്കുന്ന പ്രകടനമാണ് നായകനില്‍ നിന്നും വന്നത്. ഫീല്‍ഡ് നിയന്ത്രണമുള്ള പവര്‍പ്ലേയിലെ 36 പന്തുകളിലെ 24 പന്തും നേരിട്ടത് രാഹുലായിരുന്നു. 27 റണ്‍സ് മാത്രമാണ് ആദ്യ 6 ഓവറുകളില്‍ ലഖ്‌നൗ നേടിയത്. ഈ സീസണില്‍ പവര്‍ പ്ലേയില്‍ ഒരു ടീമിന്റെ ഏറ്റവും മോശം പ്രകടനമാണിത്. രാഹുലിന്റെ ഡിഫന്‍സ് സമീപനത്തോടെ 10 ഓവറില്‍ വെറും 57 റണ്‍സ് മാത്രമായിരുന്നു ലഖ്‌നൗ നേടിയത്. ഇതോടെ താരത്തിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നു.
 
ടി20 ലോകകപ്പ് ടീമില്‍ രാഹുലിനെ തിരെഞ്ഞെടുക്കാതിരുന്നത് ശരിയായ തീരുമാനമാണെന്നും ലഖ്‌നൗവിന്റെ ഡിഫന്‍സ് മിനിസ്റ്ററാണ് രാഹുലെന്നും ആരാധകര്‍ പറയുന്നു. ടി20 ക്രിക്കറ്റില്‍ ബാറ്റര്‍മാരെല്ലാം കൂടുതല്‍ ആക്രമണോത്സുകരാകാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ ദിശയിലേക്ക് നടക്കുന്ന രാഹുലിനെ മനസിലാകുന്നില്ലെന്നും ഇത്തരം താരങ്ങള്‍ ടീമിന് ബാധ്യതയാണെന്നും പല ആരാധകരും വിമര്‍ശിക്കുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍