പഴയ രീതിയിൽ കളിക്കാനാവുന്നില്ലെന്ന് മനസിലാക്കി, ടീമിനായി ഉടൻ വിരമിക്കൽ പ്രഖ്യാപിച്ചു, രോഹിത്തിനും കോലിയ്ക്കും ഗിൽക്രിസ്റ്റിനെ മാതൃകയാക്കാം

അഭിറാം മനോഹർ

തിങ്കള്‍, 6 ജനുവരി 2025 (19:53 IST)
Gilchrist
ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റിനെ കണക്കാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 100 ടെസ്റ്റുകള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറെന്ന ചരിത്രനേട്ടത്തിന് 4 ടെസ്റ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തിന്റെ വിരമിക്കല്‍ തീരുമാനം.  2008ല്‍ ഇന്ത്യയ്ക്കെതിരായ അഡലെയ്ദ് ടെസ്റ്റിനൊടുവിലായിരുന്നു ഗില്‍ക്രിസ്റ്റിന്റെ അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപനം.

വിരമിക്കലിലേക്ക് നയിച്ചതാകട്ടെ തന്നെ കൊണ്ട് പഴയരീതിയില്‍ കളിക്കാനാകുന്നില്ലെന്ന ഗില്‍ക്രിസ്റ്റിന്റെ തോന്നല്‍ മാത്രമായിരുന്നു. കോലിയും രോഹിത് ശര്‍മയുമെല്ലാം 2-3 പരമ്പരകളിലായി തുടരെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങള്‍ നടത്തുകയും സീനിയര്‍ താരങ്ങള്‍ യുവതാരങ്ങള്‍ക്കായി വഴിമാറണമെന്ന ആവശ്യം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗില്‍ക്രിസ്റ്റിന്റെ വിരമിക്കല്‍ തീരുമാനവും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.ക്ലബ് പ്രേരി ഫയര്‍ പോഡ്കാസ്റ്റിലായിരുന്നു ഗില്‍ക്രിസ്റ്റ് മനസ്സ് തുറന്നത്. ആ സംഭവത്തെ പറ്റി ഗില്‍ക്രിസ്റ്റ് പറയുന്നത് ഇങ്ങനെ.
 
 
2008ല്‍ ഇന്ത്യക്കെതിരെ അഡലെയ്ഡ് ടെസ്റ്റില്‍ കളിക്കുകയായിരുന്നു ഞാന്‍. എന്റെ 96മത് ടെസ്റ്റായിരുന്നു. വെസ്റ്റിന്‍ഡീസിലേക്ക് പോകാനുള്ള ഓസീസ് ടീമില്‍ ഭാഗമാകുന്നതും മറ്റുമെല്ലാം എന്റെ പ്ലാനില്‍ ഉണ്ടായിരുന്നു. തലേന്ന് ഭാര്യയുമായി അതെല്ലാം ചര്‍ച്ച ചെയ്യുക കൂടി ചെയ്തു. എന്നാല്‍ പിറ്റേന്ന് കളിക്കാനിറങ്ങിയപ്പോള്‍ ബ്രെറ്റ്‌ലിയുടെ പന്തില്‍ വിവിഎസ് ലക്ഷ്മണ്‍ നല്‍കിയ ഒരു അനായാസമായ ക്യാച്ച് ഞാന്‍ കൈവിട്ടു.
 
 സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ആ ക്യാച്ച് വിടുന്ന ദൃശ്യങ്ങള്‍ ഞാന്‍ കുറേതവണ നോക്കി നിന്നു. ആ നിമിഷമാണ് എന്റെ സമയമായെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ എന്റെ അടുത്ത് നിന്നിരുന്ന മാത്യു ഹെയ്ഡനോട് ഞാന്‍ കാര്യം പറഞ്ഞു. എന്റെ കാലം കഴിഞ്ഞു, വിരമിക്കാനായുള്ള സമയമായെന്നുള്ളതിന്റെ തിരിച്ചറിവായിരുന്നു ആ ക്യാച്ച് കൈവിട്ട സംഭവം എന്ന് പറഞ്ഞു. എന്നാല്‍ ഇത് നീ ആദ്യമായോ അവസാനമായോ ക്യാച്ച് അല്ലല്ലോ ഇതെന്നായിരുന്നു ഹെയ്ഡന്‍ പറഞ്ഞത്. ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഹെയ്ഡന്‍ പറഞ്ഞു.
 
 എന്നാല്‍ ആ നിമിഷം തന്നെ ഞാന്‍ തീരുമാനമെടുത്തിരുന്നു. എന്റെ മനസില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനമോ ഇന്ത്യക്കെതിരെ ഇനി നടക്കാനിരിക്കുന്ന മറ്റ് മത്സരങ്ങളോ ഒന്നും കടന്നുവന്നില്ല. അങ്ങനെ ആ തീരുമാനമെടുത്തു. എന്നാല്‍ ഒരിക്കലും ആ തീരുമാനത്തില്‍ ദുഃഖം തോന്നിയിട്ടില്ല. ഗില്‍ ക്രിസ്റ്റ് പറഞ്ഞു. 96 ടെസ്റ്റില്‍ നിന്നും 17 സെഞ്ചുറിയും 26 അര്‍ധസെഞ്ചുറിയുമടക്കം 5570 റണ്‍സാണ് ഗില്‍ക്രിസ്റ്റ് സ്വന്തമാക്കിയിട്ടുള്ളത്. 379 ക്യാച്ചുകളും 37 സ്റ്റമ്പിങ്ങുകളുമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്‍ക്രിസ്റ്റിനുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍